കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരേ സമരം ശക്തമാകുന്നതിനിടെ ഖനനം നിര്‍ത്തിവെക്കേണ്ടതില്ലെന്ന നിലപാടുമായി സിപിഎം. ഖനനം നിര്‍ത്താനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
ഖനനം നിര്‍ത്തിയാല്‍ ഐആര്‍ഇ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയ സെക്രട്ടറിയേറ്റ് അതേസമയം തന്നെ, പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും നിലപാടെടുത്തു. പ്രശ്നപരിഹാരത്തിന് തുടര്‍ ചര്‍ച്ചകൾ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ നിലപാട് പോലും തള്ളിയാണ് ഖനനം നിർത്താനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഖനനം നിര്‍ത്തണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
നേരത്തെ, ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.
ആലപ്പാട് ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. എന്നാല്‍, ഈ ചര്‍ച്ച പരാജയപ്പെടുകായായിരുന്നു.
ആലപ്പാട്ടെ സീ വാഷിങ് നിര്‍ത്താമെന്ന് സർക്കാർ ചർച്ചയിൽ അറിയിച്ചു. എന്നാൽ അത് പോരെന്നും ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.