ചെറുവത്തൂര്‍ (കാസര്‍ഗോഡ്): ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാന്പ്യന്ഷിപ്പില് ഷോട്ട്പുട്ടില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി കാസര്‍ഗോഡ് സ്വദേശിനി വി.എസ്.അനുപ്രിയ.
നിലവിലെ ദേശീയ റിക്കാര്‍ഡ് തകര്‍ത്ത് 16.37 ദൂരം താണ്ടിയാണ് അനുപ്രിയ മെഡലണിഞ്ഞത്. 16.17 എന്ന ദേശീയ റിക്കാര്‍ഡാണ് അനുപ്രിയ പഴങ്കഥയാക്കിയത്. വെള്ളി മെഡല്‍ ജേതാവിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അനുപ്രിയക്ക് കഴിഞ്ഞു.
സ്വര്‍ണമെഡല്‍ ജേതാവ് 18.20 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ വെള്ളി മെഡല്‍ ജേതാവ് 16.57 മീറ്റര്‍ ദൂരമാണ് താണ്ടിയത്. ഈ മിന്നും പ്രകടനത്തോടെ ജൂലൈയില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലേക്ക് യോഗ്യത നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ത്രോ ഇനത്തില്‍ യോഗ്യത നേടുന്ന ആദ്യ മലയാളി താരമാണ് അനുപ്രിയ.ഉഡുപ്പിയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സ് മീറ്റില്‍ 15.59 മീറ്റര്‍ ദൂരമെറിഞ്ഞാണ് അനുപ്രിയ സ്വര്‍ണം നേടിയത്.
കഴിഞ്ഞവര്‍ഷം ഭോപ്പാലില്‍ നടന്ന യൂത്ത് അത്ലറ്റിക്സിലെ സ്വര്‍ണവും അസമില്‍ നടന്ന ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ വെങ്കലവും നേടിയിരുന്നു. പഠനത്തിലും മിടുക്കിയായ അനുപ്രിയ പത്താംക്ലാസില്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു.
ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയായ അനുപ്രിയ തൃക്കരിപ്പൂര്‍ തങ്കയത്തെ കെ.ശശിയുടെയും രജനിയുടെയും മകളാണ്. ജ്യേഷ്ഠന് അഭിഷേക് വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ്.
ചെറുത്തൂര്‍ മയ്യിച്ചയിലെ കെ.സി.ഗിരീഷിന്റെ കീഴിലാണ് പരിശീലനം. ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും മാത്രം പരിശീലനം നല്കുന്ന ഗിരീഷ് കെസി ത്രോസ് അക്കാദമി ഇന്ത്യയിലെ തന്നെ മികച്ച ത്രോയിംഗ് അക്കാദമികളിലൊന്നാണ്.
പൂര്‍ണമായും സൗജന്യമാണ് ഇവിടുത്തെ പരിശീലനം. ഗിരീഷിന്റെ മകന് കെ.സി.സെര്വാന് കഴിഞ്ഞവര്‍ഷത്തെ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഇത്തവണ പരിക്കേറ്റതിനെതുടര്ന്നാണ് ചാമ്പ്യന്‍ഷിപ്പ് നഷ്ടമായത്.