നീലേശ്വരം: സംസ്ഥാനത്തെ സിപിഎമ്മിൽ വി.എസ്. ഒരു വികാരമായി കത്തിജ്വലിച്ചു നിന്നിരുന്ന കാലത്ത് പാർട്ടിക്കുള്ളിൽ എന്തു പുതിയ സംഭവവികാസമുണ്ടായാലും എല്ലാവരും ആദ്യം ഉറ്റുനോക്കിയിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു നീലേശ്വരത്തെ വി.എസ്. ഓട്ടോ സ്റ്റാൻഡ്.
പിണറായിയും കോടിയേരിയും നയിച്ച സംസ്ഥാന നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനങ്ങൾക്കെതിരെ എണ്ണത്തിൽ കുറവാണെങ്കിലും കമ്മ്യൂണിസ്റ്റ് ആദർശത്തിന്റെ ചങ്കുറപ്പുമായി നിന്ന അന്നത്തെ വി.എസ്. പക്ഷത്തിന്റെ ഏറ്റവും വലിയ ആശ്വാസത്തുരുത്തുകളിലൊന്ന്. ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന വിപ്ലവഗാനങ്ങൾ ഏറ്റവുമധികം പാടിക്കേട്ട സമരഭൂമി.
വി.എസിന് പലവട്ടം തെരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിച്ചപ്പോഴും പാർട്ടി സ്ഥാനങ്ങൾ നിഷേധിച്ച് ഒതുക്കാൻ ശ്രമിച്ചപ്പോഴും സംസ്ഥാനത്തെ ആദ്യത്തെ പ്രതിഷേധ പ്രകടനങ്ങൾ നടന്നത് നീലേശ്വരത്തെ വി.എസ്. ഓട്ടോസ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു.
മറ്റു സ്ഥലങ്ങളിൽ നിന്ന് നീലേശ്വരത്തുവന്ന് ബസിറങ്ങുന്നവരിൽ ചിലർ അദ്ഭുതത്തോടെയും മറ്റു ചിലർ ആവേശത്തോടെയും കാലങ്ങളായി കണ്ടിരുന്ന ആദ്യത്തെ കാഴ്ചയായിരുന്നു ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള വി.എസിന്റെ പൂർണകായ രൂപത്തിലുള്ള ഛായാചിത്രവും സഖാവ് വി.എസ്. ഓട്ടോസ്റ്റാൻഡ് എന്ന ബോർഡും.
വി.എസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും ഭരണതലത്തിലും ഓരോ പുതിയ സംഭവവികാസങ്ങളുണ്ടാകുന്പോഴും കവിതകളും ഉദ്ധരണികളുമായി സഖാവിന്റെ നിലപാടുകളെ പാടിപ്പുകഴ്ത്തുകയും എതിരാളികളെ കണക്കറ്റു പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഫ്ലക്സുകൾ ഇവിടെ സ്ഥാനം പിടിച്ചിരുന്നു. ഒരുവേള ഇവിടെ വി എസിനോടുള്ള ആരാധന ഒരുതരത്തിൽ ദൈവികമായി മാറിയിരുന്നു. പാർട്ടി നേതാക്കൾ ആൾദൈവങ്ങളായി മാറരുതെന്ന ശാസനയുടെ തുടക്കവും ഇവിടെനിന്നായിരുന്നു.
ഓരോ സമ്മേളനവും കഴിയുന്പോൾ പാർട്ടിയുടെ വിവിധ തലങ്ങളിൽ ഘട്ടംഘട്ടമായി പിടിമുറുക്കിയ പിണറായി പക്ഷം സംസ്ഥാനതലത്തിൽ തന്നെ പിടിച്ചടക്കാൻ ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നായിരുന്നു നീലേശ്വരത്തെ വി.എസ്. ഓട്ടോ സ്റ്റാൻഡ്.
പഴയ വി.എസ്. ഗ്രൂപ്പുകാരനും നീലേശ്വരം സ്വദേശിയുമായ കെ.പി. സതീഷ് ചന്ദ്രനെ ജില്ലാ സെക്രട്ടറി സ്ഥാനത്തിരുത്തി ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണം പിണറായി പക്ഷം പിടിച്ചെടുത്തപ്പോഴും നീലേശ്വരം ഏരിയാ കമ്മിറ്റി ഏറെക്കാലം പിടികൊടുക്കാതെ നിന്നു. ഒടുവിൽ കടുത്ത പിണറായി പക്ഷക്കാരനായ ടി.കെ.രവിയെ സെക്രട്ടറിയാക്കി അതും വരുതിയിൽ കൊണ്ടുവന്നതോടെ വി.എസ്. ഓട്ടോ സ്റ്റാൻഡിലേക്കുള്ള വഴി സുഗമമായി. ലോക്കൽ കമ്മിറ്റിയിലും അതിനകം ഔദ്യോഗികപക്ഷം അധീശത്വം സ്ഥാപിച്ചിരുന്നു.
വി.എസിന്റെ പേരും പൂർണകായ ചിത്രവുമായി ഓട്ടോസ്റ്റാൻഡിൽ അവസാനമായി സ്ഥാപിക്കപ്പെട്ട ഫ്ലക്സ് കേരളത്തിന്റെ കാവലാൾ എന്ന ബോർഡായിരുന്നു. പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന സമയത്താണ് ഈ ബോർഡ് സ്ഥാപിച്ചത്. അന്ന് സീതാറാം യെച്ചൂരിയും ദേശീയ നേതാക്കളും വിഎസിന് നൽകിയ വിശേഷണമായിരുന്നു അത്. അടുത്ത കാലം വരെ ഈ ബോർഡ് മാറാതെ നിന്നു.
പിന്നീടൊരിക്കലും പുതിയ ചിത്രങ്ങളോ ബോർഡുകളോ സ്ഥാപിക്കപ്പെട്ടില്ല. പാർട്ടി ഒരുപാട് വഴിമാറിക്കഴിഞ്ഞപ്പോഴും കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി ഇരിക്കുന്ന ആളിനെക്കുറിച്ച് ഇനിയെന്തു പറയാൻ എന്ന് പഴയ വി.എസ് പക്ഷക്കാർ തന്നെ അടക്കം പറഞ്ഞു. ഒടുവിൽ കാലപ്പഴക്കം വന്ന് ആ ബോർഡും അപ്രത്യക്ഷമായി. വി.എസ്. ഓട്ടോ സ്റ്റാൻഡ് എന്ന നെയിം ബോർഡും അതിനകം നീക്കംചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ബോർഡുകൾ സ്ഥാപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ചില പരസ്യബോർഡുകൾ മാത്രമാണ് ഉള്ളത്.
സിഐടിയുവിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്തിടെ വച്ചിരുന്ന ഫ്ലക്സിൽ ഓട്ടോ തൊഴിലാളി യൂണിയൻ നീലേശ്വരം ബസ് സ്റ്റാൻഡ് യൂണിറ്റ് എന്ന പുതിയ പേരാണ് ഉപയോഗിച്ചത്.
സിപിഎം ഔദ്യോഗിക പക്ഷത്തോടൊപ്പമായിരുന്ന നഗര ഭരണാധികാരികളും വി.എസ്. ഓട്ടോ സ്റ്റാൻഡിനെ ഞെരുക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഒരു ഘട്ടത്തിൽ ബസ് സ്റ്റാൻഡിനു പിന്നിലൂടെ മന്നൻപുറത്തുകാവ് ഭാഗത്തേക്കു പോകുന്ന റോഡ് വീതി കൂട്ടി ഇവിടെ ഓട്ടോ സ്റ്റാൻഡ് തന്നെ ഇല്ലാതാക്കാനുള്ള നീക്കവും നടന്നു.
നഗരവികസനത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് ഇവിടെ നിന്നു മാറ്റാനും തീരുമാനിച്ചതോടെ ഓട്ടോ സ്റ്റാൻഡിന്റെ ഭാവി അപ്രസക്തമായിക്കഴിഞ്ഞിരുന്നു. ഓട്ടോ സ്റ്റാൻഡിലെ സിഐടിയു യൂണിറ്റിന്റെ തലപ്പത്തുണ്ടായിരുന്ന ഉറച്ച വി.എസ്. പക്ഷക്കാരിൽ ഭൂരിഭാഗവും സജീവ പ്രവർത്തനം അവസാനിപ്പിച്ചതോടെ പുതുതായി ചേർത്ത അംഗങ്ങളൊക്കെയും ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തരായിരിക്കാൻ പാർട്ടി ശ്രദ്ധിക്കുകയും ചെയ്തു. ഇപ്പോൾ വി.എസ്. ഓട്ടോ സ്റ്റാൻഡ് എന്ന പേര് അറിയാതെപോലും പാർട്ടിക്കാരാരും ഉപയോഗിക്കാതെയുമായി.