തിരുവനന്തപുരം: കേരളത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിൽ. കേക്ക് മുറിച്ചും പായസം ഉണ്ടാക്കിയുമാണ് ആഘോഷങ്ങൾ നടത്തിയത്.
ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ പിറന്നാൾ ആഘോഷിക്കാൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ഡോ. വി.എ. അരുണ്‍കുമാർ പറഞ്ഞു. അച്ഛന് ഇൻഫെക്ഷൻ ഉണ്ടാകാതെ നോക്കണമെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
അതു കൊണ്ട് സന്ദർശകരെ അനുവദിക്കാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിഎസിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്.
അച്ഛന് പിറന്നാൾ ആഘോഷിക്കുന്ന കാര്യത്തിലൊന്നും താൽപ്പര്യമില്ലായിരുന്നു. ഞങ്ങൾ കേക്ക് മുറിയ്ക്കുകയും പായസം ഉണ്ടാക്കി നൽകുന്പോഴും കഴിയ്ക്കുന്നതാണ് പതിവ്.
ശാരീരിക ബുദ്ധിമുട്ടുകൾ അച്ഛനുണ്ടെ ങ്കിലും ടിവി കണ്ടും പത്രം വായിച്ചും ഇപ്പോൾ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ടെ ന്നും അരുണ്‍കുമാർ വ്യക്തമാക്കി. അരുണ്‍കുമാറിന്റെ ബാർട്ടൻ ഹില്ലിലെ വീട്ടിലാണ് വിഎസ്. ഇപ്പോൾ താമസിക്കുന്നത്.
ഇന്ന് രാവിലെ അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയി എംഎൽഎ, പി.കെ.ശ്രീമതി, സി.എസ്.സുജാത ഉൾപ്പെടെയുള്ള നേതാക്കൾ വിഎസിന്റെ വീട്ടിലെത്തി ആശംസകൾ നേർന്നിരുന്നു.
മലന്പുഴയിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ വി.എസിന്റെ വീടിന് പുറത്ത് പായസവിതരണം നടത്തി. പാർട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നെത്തും.
97ാം വയസുവരെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് ഇപ്പോൾ പൂര്‍ണവിശ്രമത്തിലാണ്. വി എസിന് മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി.എസ് അച്യുതാനന്ദന്റേതെന്നും കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.