സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഗൗരവക്കാരനായ ജനനേതാവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. സമരമുഖങ്ങളും ഭരണഭാരങ്ങളും മറന്നു കേരളത്തിലെ ജനകീയ നേതാവ് കലാകാരന്മാർക്കു മുന്നിൽ കഥാപുരുഷനായി തത്സമയം ഇരുന്നു. 95 ന്റെ ക്ഷീണമൊന്നും പ്രകടമാകാത്ത പുന്നപ്ര വയലാറിന്റെ സമരനായകന്റെ രൂപവും ഭാവവും ചിരിയും ഭാഷയുമൊക്കെ ക്യാൻവാസിൽ പടർന്നു.
മുക്കാൽ മണിക്കൂർ നേരം വിഎസ് അച്യുതാനന്ദൻ എന്ന മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവ് ശിൽപമായും ചിത്രമായും കാർട്ടൂണായും മാറി. കണ്ടുനിന്നവർക്കു അതൊരു അപൂർവ വിസ്മയ നിമിഷമായി. ചിത്രകലാചാര്യനായ എസ്.എൽ.ലാരിയസിന്റെ ശിഷ്യരാണു ഇന്നലെ വിഎസിന്റെ ഒൗദ്യോഗിക വസതിയിലെത്തി കലാവിസ്മയം തീർത്തത്. വലിയ തിരക്കുകൾക്കു താത്കാലികമായി അവധി കൊടുത്തുകൊണ്ടാണു വിഎസും തത്സമയത്തിനു തയാറായയത്.
അരമണിക്കൂർ കൊണ്ടു കളിമണ്ണാൽ ചിരിക്കുന്ന വിഎസിനെയും ഗൗരവക്കാരാനായ വിഎസിനെയും സൃഷ്ടിച്ച ആലപ്പുഴയിലെ കലാകാരന്മാർ വിഎസിനെ തന്നെ അത്ഭുതപ്പെടുത്തി. പെൻസിൽ ഡ്രോയിംഗും കാരികേച്ചറും വാട്ടർകളറും പെയിന്റിംഗും ഒക്കെയായി പിറന്നതു വിഎസിന്റെ പത്തോളം ചിത്രങ്ങൾ.
ചിത്രങ്ങളിലെല്ലാം സമരനായകന്റെ വിവിധ ഭാവങ്ങൾ. വരച്ചവരും ശിൽപങ്ങൾ തീർത്തവരും പിന്നീട് അനുഗ്രഹം വാങ്ങാനായി നേതാവിനു അരികിലായി വരിയായി നിന്നു. കലാകാരന്മാർക്കെല്ലാം നന്നേ കൈപിടിച്ചുകുലുക്കിയുള്ള ഹസ്തദാനവും പാൽപ്പുഞ്ചിരിയും നൽകിയ വിഎസ് തന്റെ തന്നെ ചിത്രങ്ങൾക്കു താഴെ ഒപ്പിട്ടു നൽകുകയും ചെയ്തത് ആലപ്പുഴയിലെ കലാഗുരുവിന്റെ ശിഷ്യന്മാർക്കു വലിയ അനുഗ്രഹമായി.
അമീൻ ഖലീൽ, അജയൻ കാട്ടുങ്കൽ, ആന്റണി സെബാസ്റ്റ്യൻ, അനൂപ പി.ജേക്കബ്, ബോബൻ ലാരിയസ്, ബാബു ഹസൻ, ജോയി കൊടിക്കൽ എന്നീ കലാകാരന്മാരാണു തങ്ങളുടെ മാസ്റ്ററിന്റെ സമകാലികനായ വിഎസിന്റെ ഭാവങ്ങൾ ഒപ്പാൻ എത്തിയത്. പ്രഫ : ജി.ബാലചന്ദ്രനാണു കലാകാരന്മാരെ വിഎസിനു പരിചയപ്പെടുത്തിയത്. ആർട്ടിസ്റ്റ് ലാരിയസ് മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണു കലാകാരന്മാർ തലമുതിർന്ന രാഷ്ട്രീയ നേതാവിനെ ആദരിക്കാൻ എത്തിയത്.