തൃശൂർ: ഇരുപത്തിരണ്ടാം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. റീജണൽ തീയറ്ററിൽ രാവിലെ പത്തിനു പാർട്ടിയിലെ മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയർത്തിയത്.പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 566 പ്രതിനിധികളാണു പങ്കെടുക്കുക.
ഇടതുമുന്നണി സർക്കാരിനെതിരേ പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനം ഇന്നു മുതൽ ചേരുന്ന സമ്മേളനത്തിലും ആവർത്തിക്കും. സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിമർശനമാണു ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും കൂടി ചർച്ചയാകുമ്പോൾ സമ്മേളനം പാർട്ടിയുടെ രാഷ്ട്രീയ പരീക്ഷണവേദികൂടിയാകും.
കോണ്‍ഗ്രസുമായി ഒരു തരത്തിലുമുള്ള ബന്ധം വേണ്ടെ ന്നു സിപിഎമ്മും ബന്ധം വേണമെന്നു സിപിഐയും നിലപാടെടുക്കുമ്പോൾ ദേശീയതലത്തിൽ ഇരുപാർട്ടികൾക്കും എങ്ങനെ ഒരുമിച്ചുപോകാനാകുമെന്ന ചോദ്യവും പ്രസക്തമാണ്. സമ്മേളനത്തിൽ കോണ്‍ഗ്രസ് വിഷയത്തിൽ യെച്ചൂരി നൽകുന്ന മറുപടി സിപിഎമ്മിനെ സംബന്ധിച്ചു നിർണായകമാണ്.