സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാർട്ടി രൂപീകരണത്തിനു ശേഷം വി.എസ്. അച്യുതാനന്ദൻ പങ്കെടുക്കാത്ത ആദ്യത്തെ സിപിഎം സംസ്ഥാന സമ്മേളനമാണ് ഇന്നു തുടങ്ങിയ കൊച്ചിയിലെ സമ്മേളനം.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാണ് വിഎസ് ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കാത്തത്. തിരുവനന്തപുരത്ത് വീട്ടിൽ തന്നെ തുടരുകയാണെന്നും എല്ലാം കണ്ടും കേട്ടുമിരിക്കുകയാണെന്നും മകൻ വി.എ. അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം രൂപീകരണത്തിനു മുന്നോടിയായി 1964ൽ സിപി നാഷണൽ കൗൺസിലിൽ നിന്നു ഇറങ്ങിപ്പോന്ന നേതാക്കളിൽ അവശേഷിക്കുന്ന ആളാണ് വിഎസ്.
പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകൾ നിലനിൽക്കേ 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കാൻ അനുവദിച്ചിരുന്നെങ്കിലും സമ്മേളനത്തിന്റെ പതാക ഉയർത്താൻ സംസ്ഥാന നേതൃത്വം അനുവദിച്ചിരുന്നു.
പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കാരണം കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.
അച്ഛനു പങ്കെടുക്കാനാകാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേതെന്നു മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ പറയുന്നു.
സ്ട്രോക്ക് ഉണ്ടായതിന്റെ വിഷമതകൾക്കൊപ്പം കോവിഡിന്റെ കഠിനമായ പ്രശ്നങ്ങളും കൂടിയായപ്പോൾ വിഎസിനു യാത്ര ചെയ്യാനാവില്ലെന്നു അരുൺ കുമാർ പറഞ്ഞു.