മലപ്പുറം: ബിജെപി സർക്കാർ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചും രാജ്യത്തിന്റെ സന്പദ്ഘടന തകർത്തും ഇന്ത്യയിലെ ശിഥിലമാക്കി കൊണ്ടിരിക്കുകയാണെന്ന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. മതനിരപേഷത തകർത്ത് വർഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടാനാണ് ബിജെപി.ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.പി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫ് തിന്നതിന്റെ പേരിൽ, സവർണരുടെ കിണറ്റിൽ നിന്നു വെള്ളം കുടിച്ചതിന്റെ പേരിൽ ആർഷഭാരത സംസ്കാരത്തിന്റെ വക്താക്കൾ ദളിതരെയും ഇതര മതസ്ഥരെയും തെരുവിൽ തല്ലിക്കൊല്ലുന്നതിന്റെ ഭീകര ദൃശ്യങ്ങൾ നാം കണ്ടതാണ്.
ഇതേ കുറിച്ച് പ്രതികരിക്കുന്ന ബുദ്ധി ജീവികളും എഴുത്തുകാരുമെല്ലാം തെരുവിൽ വർഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇരയാകുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോദിക്ക് രാജ്യ സുരക്ഷയിലും പട്ടാളക്കാരുടെ കാര്യത്തിലും താൽപര്യം കൂടുന്നു.
മോദി അധികാരത്തിൽ വന്ന ശേഷമുള്ള വർഷങ്ങളിലാണ് ഏറ്റവും കൂടുതൽ സൈനികർ അതിർത്തിയിൽ മരിച്ചു വീണത്.യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിൽ പോലും കൈയ്യിട്ടു വാരുന്നതിന്റെ കണക്കുകൾ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്- അദ്ദേഹം പറഞ്ഞു.