നാദാപുരം: പാന്പാടി നെഹ്റൂ എൻജിനിയറിംഗ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വളയം പൂവംവയൽ ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് പുന്നപ്ര സമരനായകൻ വി.എസ്. അച്യുതാനന്ദൻ എത്തുന്നു. മരണം നടന്ന് 41-ാം ദിനത്തോടടുക്കുന്പോൾ അമ്മ മഹിജയ്ക്ക് സാന്ത്വനമേകാനും ജിഷ്ണുവിന്റെ മരണം രക്തസാക്ഷിത്വമാണെന്ന പ്രഖ്യാപിക്കാനുമാണ് വിഎസ് വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തുന്നത്.
ജിഷ്ണുവിന് ഏറെ പ്രിയങ്കരനായ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മഹിജയെ കാണാൻ എത്തിയില്ലെന്ന വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് 16ന് വിഎസ് പാർട്ടി ഗ്രാമത്തിലെത്തുന്നത്. വിഎസിന്റെ വരവ് അറിഞ്ഞതോടെ വാട്സ് ആപ്പ്്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ച് പോസ്റ്റുകളും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമ്മ മനസിന്റെ കണ്ണീരൊപ്പാൻ എത്തുന്ന “യഥാർഥ കമ്മ്യൂണിസ്റ്റ്’ സഖാവ് വിഎസിന് അഭിവാദ്യം എന്ന പോസ്റ്റുകളാണ് വൈറലാകുന്നത്.
പുന്നപ്ര സമര നായകൻ എന്നും ജനപക്ഷത്താണെന്നും ചില പോസ്റ്റുകൾ പറയുന്നു. തന്റെ ഏഴാം വയസിൽ നഷ്ടപ്പെട്ട അച്ഛൻ മടങ്ങിയെത്തുന്ന പ്രതീതിയാണ് വിഎസിന്റെ വരവ് കേട്ടപ്പോഴുണ്ടായതെന്ന് മഹിജ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് മകനെ ഇല്ലാതാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
മുൻ വനം മന്ത്രിയും കോണ്ഗ്രസ് നേതാവുമായ കെ.പി. വിശ്വനാഥന്റെ മകൻ സജ്ഞിത്ത് ഉൾപ്പെടെ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് വിഎസ് ജിഷ്ണുവിന്റെ വീട്ടിലെത്തുന്നത്. ജിഷ്ണുവിന്റെ യഥാർഥ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ രംഗത്തുള്ള കുടുംബത്തിനും സഹപാഠികൾക്കും വിഎസിന്റെ വരവ് ശക്തി പകരുമെന്നാണ് ആക്ഷൻ കമ്മിറ്റി കരുതുന്നത്. ഇന്നലെ ജിഷ്ണുവിന്റെ ബന്ധുവിനെ വിഎസ് നേരിട്ട് വിളിച്ചാണ് താൻ വരുന്ന വിവരം അറിയിച്ചത്.