നിലന്പൂർ: പീഡന കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവിനെ സംരക്ഷിക്കാൻ എംഎൽഎ ഓഫീസും പോലീസും സിപിഎമ്മും ചേർന്നു ഗൂഢനീക്കമാണ് നടത്തുന്നതെന്നു ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി ആരോപിച്ചു.
യൂത്ത് കോണ്ഗ്രസ്, കെഎസ്യു നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലന്പൂർ സഹകരണ കോളജിലേക്ക് പോക്സോ നിയമപ്രകാരം കേസെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ നിയമപ്രകാരം കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകുന്നില്ല.
പോക്സോ കേസിൽ പോലീസ് കേസെടുത്ത അധ്യാപകൻ പോലീസിനെ വെല്ലുവിളിച്ച് കോളജിൽ പഠിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്നും വി.എസ്. ജോയി പറഞ്ഞു.
കോ-ഓപ്പറേറ്റിവ് കോളജിലേക്കു മാത്രമല്ല ഡിവൈഎസ്പി ഓഫീസിലേക്കുള്ള മാർച്ച് കൂടിയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു നിലന്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. അർജുൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്,
യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് പൂക്കോട്ടുംപാടം, യൂത്ത് കോണ്ഗ്രസ് മുനിസിപ്പൽ പ്രസിഡന്റ് മൂർക്കൻ മാനു,
നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, മുജീബ് വഴിക്കടവ്, അനീഷ് കരുളായി എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ കോണ്ഗ്രസ് ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാർച്ച് നിലന്പൂർ കോ-ഓപ്പറേറ്റീവ് കോളജിനു മുന്നിൽ പോലീസ് തടഞ്ഞു.