തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍നിന്ന് ഒഴിവാക്കിയെന്ന വാർത്തകൾ തനി തോന്ന്യാസമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിനുശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പാർട്ടി മുഖപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണയും വിഎസ് പ്രത്യേക ക്ഷണിതാവായിരുന്നു. ഏറ്റവും സമുന്നത നേതാവായ അദ്ദേഹം ഇപ്പോൾ കിടപ്പിലാണ്. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിഞ്ഞവരിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വിഎസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും- എം.വി. ഗോവിന്ദൻ പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനം സംബന്ധിച്ച് പല മാധ്യമങ്ങളും നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. പോസിറ്റീവായും നെഗറ്റീവായും മാധ്യമങ്ങൾ വാർത്തകൾ നൽകി. പോസിറ്റീവായതു മാത്രമേ പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനവും വിൽക്കില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ പൂട്ടിപ്പോകുന്ന കന്പനികൾ എങ്ങനെ നിലനിർത്താം എങ്ങനെ വളർത്താം എന്നാണ് നോക്കുന്നതെന്നും അഭിപ്രായപ്പെട്ടു.