ആലപ്പുഴ: രാജ്യത്ത് നോട്ട് നിരോധിച്ച് ജനങ്ങളെ വെട്ടിലാക്കി ഇപ്പോള്‍ ആപ്പുമായി ഇറങ്ങി തിരിച്ചിരിക്കുന്ന മോദിയെ വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആപ്പിലാക്കുമെന്ന് വി.എസ്. ആലപ്പുഴ പുന്നമടയില്‍ ദൃശ്യ സ്പോര്‍ട്ട് ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് വി.എസ്. നോട്ടുദുരിതത്തിലൂടെ ഏറെ ദുരിതം അനുഭവിച്ചത് കേരളമാണ്.
സുപ്രിം കോടതി അടക്കം നോട്ട് ദുരിതത്തെ കുറിച്ച് സൂചന നല്‍കിയിട്ടും വിശദീകരിക്കാന്‍ സമയമില്ലാതെ നാടാകെ ഓടുകയാണ് മോദി. സ്വന്തമായി അധ്വാനിച്ച പണം പോലും ബാങ്കില്‍നിന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയായി. ശമ്പളക്കാരും പെന്‍ഷന്‍ക്കാരും ദുരിതത്തിലായി. സര്‍ക്കാര്‍ ശമ്പളം കൊടുക്കാനാവാതെ പൊറുതിമുട്ടുന്നു. മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നടത്താന്‍ കഴിയാതെ നട്ടം തിരിയുന്നു.
എം.ടി വാസുദേവന്‍നായര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നീക്കം നിസാരമായി കാണാനാവില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് കൂടിയായ വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സമ്മേളനത്തില്‍ ക്ലബ് പ്രസിഡന്റ് ഇ കെ രാജു അധ്യക്ഷനായിരുന്നു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന്, കലവൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.