പാലക്കാട്: പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാൻ യുവജനങ്ങൾ ശ്രമിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും എം.എൽ.എ.യുമായ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. മലന്പുഴ ഐ.ടി.ഐ അങ്കണത്തിൽ നടന്ന ഐ.ടി.ഐ വിദ്യാർഥികളുടെ ബിരുദദാനം കർമസേന അംഗങ്ങളെ ആദരിക്കൽ വനിതാ വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിൽ എം.എൽ.എ ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് വി.എസ് അച്യുതാനന്ദൻ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതാ വിശ്രമ കേന്ദ്രത്തിന്റെ ശിലാഫലകം വി.എസ് അനാച്ഛാദനം ചെയ്തു.
പരിപാടിയിൽ ഷീറ്റ് മെറ്റൽ വർക്കർ വിഭാഗത്തിലെ ഒ. ജി അഭിജിത്ത്, ഡീസൽ മെക്കാനിക് വിഭാഗത്തിലെ പി.ശബരി കൃഷ്ണൻ എന്നിവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നൈപുണ്യ കർമ സേനയിലെ പ്രവർത്തനങ്ങൾക്ക് മലന്പുഴ ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ ജോസ് ജോസഫ്, സീനിയർ ഇലക്ട്രീഷ്യൻ ഷെഫീഖ് എന്നിവരെ അനുമോദിച്ചു. ഗ്രീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മലന്പുഴ ഡാമും പരിസരവും ശുചീകരിച്ച യജ്ഞത്തിൽ പങ്കാളികളായ എൻ.മുകേഷ്, അനുരാജ് എന്നിവരെ അനുമോദിച്ചു.
മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ നൈപുണ്യ കർമ സേനയിൽ പങ്കെടുത്ത വിവിധ ഐ.ടി.ഐകൾക്കുള്ള ഉപഹാരവും നൈപുണ്യ കർമസേന അംഗങ്ങൾക്കുള്ള അനുമോദനവും വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഇൻചാർജ് പി.കെ മാധവൻ നിർവഹിച്ചു. ഗ്രീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മലന്പുഴ ഡാമും പരിസരവും ശുചീകരിച്ചവർക്ക് മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന സുദേവൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ രാജൻ, മലന്പുഴ ബ്ലോക്ക് പഞ്ചായത്തംഗം വി.സുബ്രഹ്മണ്യൻ, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ശുചിത്വമിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സണ് ഡോ. കെ വാസുദേവൻ പിള്ള, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ ഐ.ടി.ഐ പ്രിൻസിപ്പൽമാർ, ഐ.ടി.ഐ മാനേജേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.