പാനൂർ: ഒരുകാലത്ത് വർഗീയ സംഘടനകളിൽ പ്രവർത്തിക്കാൻ മടിച്ചവർ ഇന്ന് പരസ്യമായി തന്നെ രംഗത്തുവരാൻ തയാറായിരിക്കുകയാണെന്നു വി.എസ്. അച്യുതാനന്ദൻ. ചൊക്ലി മേനപ്രം പള്ളിപ്രത്ത് ഉമ്മർ സ്മാരക ഗ്രന്ഥാലയത്തിന്റെയും ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക സംഘടനകളിലും വർഗീയ സംഘടനകളിലും പരസ്യമായി പ്രവർത്തിക്കുവാൻ മടിച്ചിരുന്നവർ പോലും ഇന്ന് അവയുമായി ബന്ധപ്പെടുന്നു. വർഗീയ വികാരവും സാമുദായിക വികാരവും ഉയർത്തി വോട്ടു ബാങ്കുകൾ സൃഷ്ടിച്ച് സമ്മർദ ശക്തികളാവുകയാണ്.
സവർണജാതി കോമരങ്ങളോട് എന്നും കലഹിച്ച ഗുരുവിന്റെ ആശയം അതേ ജാതിക്കോമരങ്ങൾക്കു മുന്നിൽ അടിയറവയ്ക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ചരിത്രം നിഷേധിക്കൽ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. എ.എൻ. ഷംസീർ എംഎൽഎ അധ്യക്ഷനായി. പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, വി. ഉദയൻ, നിഷാനന്ദ് എന്നിവർ പ്രസംഗിച്ചു.