തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പുമുടക്കിയുള്ള വിദ്യാർഥി സമരം പാടില്ലെന്നു ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. സമരം ചെയ്യുകയോ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുകയോ ചെയ്യുന്ന വിദ്യാർഥികളെ പ്രിൻസിപ്പലിനോ കോളജ് അധികൃതർക്കോ പുറത്താക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. പൊന്നാനി എംഇഎസ് കോളജിൽ വിദ്യാർഥി സമരം മൂലം ക്ലാസുകൾ തടസപ്പെടരുതെന്ന വിധി പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിച്ചായിരുന്നു വിധി.