തൃശൂര്‍: മണ്ണും ജലവും പുണ്യസങ്കേതങ്ങളേക്കാളേറെ പരിപാവനതയോടെ സംരക്ഷിക്കണമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഉപയോഗശൂന്യമായിക്കിടക്കുന്ന കുളങ്ങളും ചിറകളും നവീകരിച്ചു രണ്ടുവര്‍ഷത്തിനകം ഉപയോഗക്ഷമമാക്കുന്നതിനു നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഗ്രാമീണ അടിസ്ഥാനവികസന പദ്ധതിയില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
മണ്ണുപര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പു സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടപ്പാക്കുന്ന 49.61 കോടിരൂപയുടെ 31 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വില്ലടം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മണ്ണു ഭൂവിഭവ റിപ്പോര്‍ട്ടിന്റെ പ്രകാശനവും കേന്ദ്രാവിഷ്കൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിപ്രകാരം മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി തയാറാക്കിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു.
മേയര്‍ അജിത ജയരാജന് അധ്യക്ഷയായി. കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ അജിത വിജയന്, എം.ആര്. റോസിലി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിന്നി ജോസ്, പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്, കൗണ്‍സിലര്‍ ശാന്ത അപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും തെയ്യംവേഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും നടന്നു. മണ്ണിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്കു വിതരണംചെയ്തു. പച്ചക്കറിവിത്തുകളുടെ വിതരണവും കര്‍ഷകരുടെ സംശയനിവാരണത്തിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. മണ്ണുപര്യവേഷണ-മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന് മോഹന്‍ സ്വാഗതവും ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ മറിയാമ ജെ. ജോര്‍ജ് നന്ദിയും പറഞ്ഞു.