പാലക്കാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരും അതതു പഞ്ചായത്തുകളിലെ കൃഷിക്കാരുമായി സഹകരിച്ചു നെല്ലുസംഭരണത്തിനായി പ്രദേശികസംവിധാനം സജ്ജമാക്കണമെന്നു കർഷകവികസന-കർഷകക്ഷേമ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി.
ആവശ്യമായ കാർഷിക ഉപകരണങ്ങളും ഗുണനിലവാരം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളും കണ്ടെത്തണം. മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റ് സമ്മേളനഹാളിൽ നെല്ലുസംഭരണം സംബന്ധിച്ചു ചേർന്ന തൃശൂർ-പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് , സപ്ലൈകോ ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി പ്രതിനിധികളുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിനു സർക്കാർ- സ്വകാര്യ ഗോഡൗണുകളും കൃഷി വകുപ്പിനു കീഴിലുളളതുമായ സൗകര്യങ്ങളും പ്രാദേശികതലത്തിൽ കണ്ടെത്തി അവയുടെ പട്ടിക തയാറാക്കി കൃഷി ഓഫീസർമാർ ഉടൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കു കൈമാറാൻ മന്ത്രി നിർദേശിച്ചു. പ്രാദേശിക സംഭരണത്തിനായി ചാക്കുകൾ, തൂക്കം നോക്കാനുള്ള സജ്ജീകരണം എന്നിവ സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൃഷിവകുപ്പ് ഉദ്യോഗസഥർ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏത് അടിയന്തര സാഹചര്യത്തിലും നെല്ലുസംഭരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും ഒക്ടോബർ ഒന്നു മുതൽ നെല്ലുസംഭരണം ആരംഭിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. പ്രാദേശികതലത്തിൽതന്നെ കൃഷി ഓഫീസർമാരുടെ കീഴിൽ പിആർഎസ് (പാഡി റെസീപ്റ്റ് സ്ലിപ്പ്) എടുക്കാൻ സംവിധാനമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ ആവശ്യമായ ആനുകൂല്യങ്ങൾ നൽകിയിട്ടും നെല്ലു സംസ്കരണത്തിൽനിന്നു പിന്മാറി നിൽക്കുന്ന സ്വകാര്യ മില്ലുടമകളെ നിയമവ്യവസ്ഥകൊണ്ടു നേരിടും. സഹകരിക്കാൻ താത്പര്യമുള്ള മില്ലുടമകൾക്ക് ആവശ്യമായ സഹായം നൽകും. ആലത്തൂർ റൈസ് മില്ല് ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കും. ആവശ്യമെങ്കിൽ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
സ്വകാര്യമില്ലുകൾ ചെറിയ കാലയളവിലേക്കു നിയമപരമായി ഏറ്റെടുത്തുകൊണ്ടു നെല്ല് സംസ്കരണം സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭരണവുമായി ബന്ധപ്പെട്ടു സിവിൽ സ്പ്ലൈസ് വകുപ്പ് മന്ത്രിയും ഉൾപ്പെട്ട യോഗം ഇന്നു ചേരുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.സുരേഷ് ബാബു, എ.ഡി.എം.എസ്.വിജയൻ, സപ്ലൈകോ റീജണൽ മാനേജർ പി. ദാക്ഷായണിക്കുട്ടി, സിവിൽ സപ്ലൈസ് എംഡി പി.എച്ച്. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.