തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഇന്നു 97-ാം വയസിലേക്കു പ്രവേശിക്കും. രാഷ്ട്രീയത്തിരക്കുകൾക്ക് ഇനിയും അവധി കൊടുക്കാത്ത വി.എസിനു പിറന്നാളും മറ്റേതു ദിവസം പോലെ മാത്രം.
വി.എസിനു പിറന്നാൾ ആഘോഷം സുഹൃത്തുകളുടെയും ബന്ധുക്കളുടെയും സന്തോഷത്തിനു നിന്നു കൊടുക്കലാണ്. ഏതൊരു ദിവസവും പോലെ പിറന്നാളും. എന്നാൽ നാട്ടുകാരും കുടുംബാംഗങ്ങളും അത് ആഘോഷമാക്കും. രാവിലെ കേക്ക് മുറിക്കും. അതു പരസ്പരം ചുണ്ടിൽ വച്ചുകൊടുക്കും.
എല്ലാവർക്കം പങ്കുവയ്ക്കും. ഭാര്യ വസുമതിയും മക്കളും, മരുമക്കളും കൊച്ചുമക്കളും ചേർന്ന് വരുന്നവർക്കെല്ലാം പായസം വിളന്പും. നേതാക്കളും പ്രവർത്തകരുമായി നിരവധി പേരെത്തും. എല്ലാവരോടും സന്തോഷം പങ്കിട്ട് വി.എസും ആഘോഷത്തിൽ പങ്കാളിയാകും.
1958 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസമിതിയിൽ തുടങ്ങി ഇപ്പോൾ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവ് വരെയായി കഴിഞ്ഞ 61 വർഷമായി കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര നേതൃത്വത്തിൽ അദ്ദേഹമുണ്ട്. ഇന്ത്യയിലെ ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃപദവിയിൽ ഇത്രയും മുതിർന്ന മറ്റൊരാൾ ഉണ്ടാകില്ല. സിപിഎം രൂപീകരണത്തിനു നേതൃത്വം നൽകിയ 32 പേരിൽ പ്രവർത്തനരംഗത്ത് വി.എസ് മാത്രമാണുള്ളത്.
1940 ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. അതായത്, പാർട്ടി അംഗത്വത്തിൽ 79 വർഷം. 1923 ഒക്ടോബർ 20 ന് വെന്തലത്തറ ശങ്കരന്റെയും, അക്കാമ്മയുടെയും മകനായാണു ജനനം. ദാരിദ്യ്രം മൂലം ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് തയ്യൽക്കടയിലും അവിടെ നിന്നും കയർഫാക്ടറിയിലും ഉപജീവനം തേടിയ തൊഴിലാളി. അവിടെ നിന്നാണ് സിപി എം പോളിറ്റ് ബ്യൂറോ വരെ എത്തിയത്.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിൽ വരെ എത്തിയ വി.എസ് ഇപ്പോൾ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തക്കുന്നു.മൂന്നുപതിറ്റാണ്ടിലേറെയായി നിയമസഭാസമാജികനായ അദ്ദേഹം ഇപ്പോഴത്തെ നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗവുമാണ്. 15 വർഷം പ്രതിപക്ഷ നേതാവ് അഞ്ചുവർഷം മുഖ്യമന്ത്രി. നിലവിൽ മലന്പുഴ എം എൽ എ, ഇപ്പോഴും അദ്ദേഹം കർമനിരതനാണ്.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവിൽ കഴിഞ്ഞ ദിവസം അദ്ദേഹം തെരഞ്ഞെടുപ്പു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്നും കേരളത്തിൽ ഏറ്റവും കൂടുതൽ ആളെ ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവായി അദ്ദേഹം തുടരുന്നതു മറ്റൊരു അദ്ഭുതം.