ഇലഞ്ഞി: ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയറുമായി വിസാറ്റ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ.കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ആശയം യാഥാർഥ്യമാക്കിയത്. വിദ്യാർഥികളുടെ പരീക്ഷണ വിജയം കൈകാലുകൾ തളർന്ന് വീൽചെയറിൽ ഇരുന്ന് ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതുവഴി തുറക്കുകയാണ്.
ശബ്ദ സന്ദേശത്തിലൂടെ ചലിക്കുന്ന വീൽചെയർ ലഭ്യമായാൽ, സഹായത്തിനായി കാത്തു നിൽക്കാതെ സ്വന്തം ലക്ഷ്യങ്ങളിലേക്ക് സ്വയം എത്തിച്ചേരാം.മൂന്നാം വർഷ വിദ്യാർഥികളായ കെ.ആർ.ഭാഗ്യരാജ്, എം.അക്ഷയ് കൃഷ്ണൻ, സി. സ്നേഹ എന്നിവർ ചേർന്നാണ് ഇ കസേര നിർമിച്ചത്. പൂർണമായും കോളജിൽ നിർമിച്ച കസേരയുടെ നിർമാണത്തിന് പിന്നിൽ കോളജിലെ അധ്യാപകരായ ഡോ. ടി.ഡി. സുബാഷ്, കെ. ഹിമ എന്നിവരുടെ സഹായവും ഉണ്ട്.
ഒരാഴ്ച്ച കൊണ്ട് 20,000 രൂപ ചെലവഴിച്ചാണ് വീൽചെയർ നിർമിച്ചത്. ചലിക്കുന്ന വീൽചെയറുകളുടെ ചക്രങ്ങൾക്ക് കരുത്ത് പകരുന്നത് ഇന്ത്യക്ക് കാറിന്റെ പഴയ വൈപ്പർ മോട്ടോറുകളാണ്. മോട്ടോറിൽ ഘടിപ്പിച്ച സൈക്കിളിന്റെ പൽചക്രങ്ങളും ചെയിനും വീൽചെയറിനെ മുന്നോട്ടു പിന്നോട്ടും ചലിക്കാൻ സഹായിക്കും. മോട്ടോറിന് ആവശ്യമായ വൈദ്യുതി നൽകാൻ ബാറ്ററികളും വീൽചെയറിൽ തന്നെ ഒരുക്കിയിട്ടുണ്ട്.
സ്റ്റുഡിയോ മൈക്കിന്റെ സഹായത്തോടെയാണ് വീൽചെയറിൽ ഇരിക്കുന്ന ആളുടെ ശബ്ദം കണ്ട്രോൾ യൂണിറ്റിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തിൽ ലാപ്ടോപ്പിന്റെ സഹായത്തോടെയാണ് ശബ്ദ സന്ദേശം സ്വീകരിച്ച മോട്ടോറുകൾ പ്രവർത്തിക്കുന്നത്.അടുത്തഘട്ടത്തിൽ ലാപ്ടോപ്പുകൾക്ക് പകരം കണ്ട്രോൾ ബോർഡുകൾ സ്ഥാപിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
അടുത്തഘട്ടത്തിൽ സംസാരശേഷി ഇല്ലാത്തവർക്കായി ’ആക്സിലറോ മീറ്റർ’ സെൻസർ ഉപയോഗിച്ച് ചലിപ്പിക്കാവുന്ന വീൽചെയർ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. കോളജിലെ വിദ്യാർഥികൾക്ക് ഇതിനെല്ലാത്തിനും കരുത്തും ഊർജവും പകരുന്നത് ചെയർമാൻ രാജു കുര്യനാണ്.