തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവർ വീടിന് മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കനത്ത വെള്ളത്തിൽ ഇവരെ പുറത്തെത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് ഇവരെ പുറത്തെത്തിക്കുമെന്ന് സ്ഥലത്തെത്തിയ കെ.മുരളീധരൻ എംഎൽഎ അറിയിച്ചു.
പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. നേരെ പുലർന്ന ശേഷമാണ് ഇവർ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം വെള്ളത്തിലൂടെ ഇവരുടെ സമീപത്തെത്തി ഭയപ്പെടേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ മുങ്ങുകയായിരുന്നു. കനത്ത മഴയിൽ പലയിടത്തും വൻതോതിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അതിനിടെ തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണാണ് ട്രെയിൻ ഗതാഗതം നിലച്ചത്. മണ്ണ് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.