തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷ വർധിപ്പിച്ച് സർക്കാർ. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന ഒ. ആർ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കെഎസ്യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം തടഞ്ഞത്.
മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിന് മുന്നിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുകയായിരുന്നു.
മന്ത്രിയുടെ കാറിൽ കെട്ടിയ കരിങ്കൊടി മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. അൽപസമയത്തിനു ശേഷം പ്രവർത്തകർ തന്നെ രണ്ടുവശത്തേക്ക് സ്വയം മാറി നിന്നതിനാലാണ് മന്ത്രിയ്ക്ക് കടന്നുപോകാനായത്.
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് ശിവൻകുട്ടി അതിനു ശേഷം പ്രതികരിച്ചത്.