ഇന്നത്തെ കാലത്ത് കുട്ടികൾക്ക് തങ്ങളുടെ അധ്യാപകർ സുഹൃത്തുക്കളെ പോലെയാണ്. പണ്ടൊക്കെ സ്കൂളിൽ കൈയിലൊരു വടിയും പിടിച്ച് എന്തിനും ഏതിനും പിള്ളേരെ തല്ലിയിരുന്ന മുരുടൻ അധ്യാപകരുള്ള കാലത്തിൽ നിന്നെല്ലാം വിദൂരമാണ് ഇന്ന് അധ്യാപന ജീവിതമെന്നത്. സ്വന്തം മക്കളെ പോലയാണ് തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെയും അവർ കാണുന്നത്.
ഒരു അധ്യാപക- വിദ്യാർഥി ബന്ധത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ആ വീഡിയോ ഏറ്റെടുത്തതോടെ സൈബറിടങ്ങളിലും വീഡിയോ ഇപ്പോൾ വൈറലാണ്.
കോഴിക്കോട് മണിയൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനു മുൻപിൽ ഒരു പടുകൂറ്റൻ തെങ്ങ് വളർന്ന് നിൽക്കുന്നുണ്ട്. നല്ല കായ് ഫലം ഉള്ളതിനാൽ വെട്ടിക്കളയാനും സാധിക്കില്ല. പക്ഷേ തേങ്ങ ഏത് നിമിഷവും വിദ്യാർഥികളുടെ തലയിൽ വീഴാൻ പാകത്തിനാണ് നിൽക്കുന്നത്. തന്റെ കുട്ടികളുടെ കാര്യമോർത്തപ്പോൾ സ്കൂളിലെ മാഷായ ലിനീഷിന് പിന്നെ ഇരിപ്പുറച്ചില്ല.
ഉടൻ തന്നെ തളയും കെട്ടി പാന്റും മടക്കി തെങ്ങിന്റെ മുകളിലേക്ക് ഒറ്റക്കുതിപ്പായിരുന്നു. തെങ്ങിൽ കയറി തേങ്ങ മുഴുവൻ പറിച്ച് നിലത്തേക്കിട്ട മാക്ഷിനെ കുട്ടികൾ കൈയടികളോടെ വരവേറ്റു. മാഷിൻ തെങ്ങ് കയറ്റത്തിന്റെ വീഡിയോ കണ്ട് നിന്ന അധ്യാപകരിലൊരാൾ ഫോണിൽ പകർത്തിയതോടെ മാഷിപ്പോ സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്.