തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്. ക്യാംപിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.