തിരുവനന്തപുരം: അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെയിൽസ് ഗേളായ അമ്മ പകലന്തിയോളം ജോലി ചെയ്ത് തന്റെ മകനെ പഠിപ്പിച്ച് നല്ല വിദ്യാഭ്യാസം നൽകി ഒടുവിൽ അവനൊരു ഡോക്ടറായി.
ഇതൊരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെ കേൾക്കേണ്ട ഒന്നല്ല. പച്ചയായ ജീവിത യാഥാർഥ്യമാണ്. ആ അമ്മയുടെ മകൻ മറ്റാരുമല്ല ഡോ. അർജുനെന്ന മിടുക്കനാണ്.
അർജുൻ തന്റെ അമ്മ അനുഭവിച്ച യാതനകളുടെ നേട്ടത്തിലൂടെയാണ് താനിന്ന് ഡോക്ടറുടെ ഈ കോട്ട് ധരിക്കാൻ പ്രാപ്തനായതെന്ന് കാണിച്ച് പങ്കുവച്ച പോസ്റ്റാണ് ഇന്ന് വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ഈ പോസ്റ്റ് തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ വീണ്ടും അത് ആളുകൾ ഏറ്റെടുത്തു. നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ.
കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക. ഏറെ സ്നേഹത്തോടെ അർജുൻ. ബി യുടെ പോസ്റ്റ് പങ്കുവയ്ക്കുന്നു, എന്ന കുറിപ്പോടെയാണ് മന്ത്രി അർജുന്റെ പോസ്റ്റ് ഷെയർ ചെയ്തത്.
മന്ത്രി പങ്കുവച്ച അർജുന്റെ പോസ്റ്റ്…
‘ചുവന്ന കോട്ടും വെള്ള കോട്ടും. കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റേയും ഫലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്.
വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.
ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് 💯അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയാറുമല്ല’.