തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണമാണ് നേരിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോര്പറേഷന് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേയര്‍ക്കെതിരായ ഗൂഢാലോചന ശക്തിപ്പെടുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
മേയറെ ഒരു സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെയാണ് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത്. ഇതിനെ കുറിച്ച് സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും നല്ല പ്രവര്‍ത്തനമാണ് മേയര്‍ നടത്തുന്നത്. അവര്‍ക്കെതിരേ നടക്കുന്ന ആക്രമണം ഒരിക്കലും അംഗീകരിക്കുന്നതിന് സാധിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാത്ത കാര്യം തനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരേ സോഷ്യൽ മീഡിയയിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരേ ആര്യ രാജേന്ദ്രന് പരാതി നല്കി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്.