തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി. ശിവൻകുട്ടി.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു നടത്തിയ പരാമർശം വാർത്തയായതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിലെ ചില പരാമർശങ്ങൾ മാത്രം അടർത്തിയെടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടാൽ മനസിലാകുമെന്നും ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ-പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കേരളം ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉൾപ്പെടെയുള്ള കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ ഇപ്പോഴും കേരളം പ്രഥമ ശ്രേണിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.