തിരുവനന്തപുരം: സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
റോഡ് നിർമാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണമെന്ന നിർദേശവും മന്ത്രി നൽകി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം നിർമാണം പുരോഗമിക്കുന്ന റോഡുകൾ ജൂൺ 15 നകം സഞ്ചാരയോഗ്യമാക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനം. മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്നു നഗരത്തിന്റെ ചില മേഖലകളിലുണ്ടായിട്ടുള്ള വെള്ളക്കെട്ട് നിവാരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 10 റോഡുകളിലാണു നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജോലികൾ വേഗത്തിലാക്കി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
റോഡ് നിർമാണത്തിനായി കുഴിയെടുത്തു വെള്ളക്കെട്ടുണ്ടായ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ചർച്ചകളും ആസൂത്രണവും നടത്തണം.
മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴ നഗരത്തിൽ ചില മേഖലകളിൽ വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, മേജർ – മൈനർ ഇറിഗേഷൻ വകുപ്പുകൾ, കോർപ്പറേഷൻ എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ യോജിച്ചുള്ള പ്രവർത്തനം നടത്തി മേയ് 23 നകം പ്രശ്നപരിഹാരമുണ്ടാക്കണം.
തുടർന്നുള്ള ദിവസങ്ങളിലും നഗരത്തിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ വകുപ്പുകളിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർവരെയുള്ളവർ ഓരോ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ മുൻകൂട്ടി വിലയിരുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.