തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി സംഘത്തിന് രാജ്യമാകെ വ്യാപിച്ച് കിടക്കുന്ന ശൃംഖലയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.
നാഗരാജു. പ്രതികൾ ഉപയോഗിച്ചത് പ്രത്യേകം നിർമ്മിച്ച ഹൈടെക്ക് ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ഹരിയാനയിൽ പോകും. ഹരിയാന കൂടാതെ മറ്റു സ്ഥലങ്ങളിൽ വച്ചും ആസൂത്രണം നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കാമറ ഷർട്ടിലെ ബട്ടണ്ഹോളിന്റെ മാതൃകയിൽ ഒളിപ്പിച്ചായിരുന്നു കോപ്പിയടി നടത്തിയത്. ഹെഡ് സെറ്റും ഡിവൈസും തമ്മിൽ ബന്ധിപ്പിച്ചശേഷം ഒരു കണ്ട്രോൾ റൂം പോലുള്ള കേന്ദ്രത്തിൽ നിന്നും ഡിവൈഎസ് കണ്ക്ട് ചെയ്യും.
അവിടെ നിന്നാണ് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലുടൂത്ത് ഹെഡ്സെറ്റിലുടെ ഉത്തരങ്ങൾ ഇവർക്ക് പറഞ്ഞ് കൊടുത്തിരുന്നതെന്നും കമ്മീഷണർ പറഞ്ഞു.
കോപ്പിയടി സംഘം പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപാണ് വിമാനമാർഗം തലസ്ഥാനത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പിടിയിലായവർ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പോയി പരീക്ഷ എഴുതുന്നവരാണ്.
ഹരിയാന കേന്ദ്രീകരിച്ചാണ് കോപ്പിയടിയുടെ ആസൂത്രണം നടന്നത്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിച്ചുവെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം ഹരിയാനയില് നിന്നെത്തി പരീക്ഷ എഴുതിയ മറ്റ് 85 പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരുടെ പരീക്ഷയും പോലീസ് പരിശോധിക്കും.
ഇപ്പോൾ പിടിയിലായവരുടെ സംഘത്തില്പെട്ടവരാണോ ഇവരെന്ന് അന്വേഷിക്കും. ഹരിയാനയിൽനിന്നു വന്ന് പരീക്ഷ എഴുതിയവരുടെയെല്ലാം ഹാൾടിക്കറ്റ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.