നേമം: വട്ടിയൂർക്കാവിലെ വിഎസ്എസ്സിയിലേക്കുള്ള കൂറ്റൻയന്ത്രവുമായി ഒരു വർഷം മുന്‍പ് മുംബൈ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട ലോറി കഴിഞ്ഞ ദിവസം തലസ്ഥാന നഗരയിൽ എത്തി.
ഒരു കിലോമീറ്റര്‍ താണ്ടുന്നതിന് രണ്ട് മണിക്കൂറിലെറെ സമയമാണ് വേണ്ടി വരുന്നത്. എപ്പോഴും സുഗമമായി യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്. വഴിയിൽ തടസ്സമായി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റണം. വൈദ്യുത കന്പികൾ ഉയർത്തി വിടണം.
മാത്രമല്ല നിരത്തിൽ നല്ല ട്രാഫിക്ക് ഉള്ളപ്പോഴും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. എയറോസ്പേസ് ഓട്ടോ ക്ലേവ് എന്ന എഴുപത് ടണ്‍ ഭാരമുള്ള ഭീമന് യന്ത്രവുമായി യാത്ര പുറപ്പെട്ട ട്രയലര്‍ ലോറി ഇന്നലെ കൈമനത്ത് എത്തിയെങ്കിലും അവിടെ പിടിച്ചിട്ടിരിക്കുകയാണ്.
ഇന്ന് വീണ്ടും യാത്ര തുടങ്ങും. വട്ടിയൂർക്കാവിലെത്താൻ ഇനിയും ദിവസങ്ങൾ പിടിക്കുമത്രേ. അഞ്ച് സംസ്ഥാനങ്ങള്‍ കടന്നാണ് യന്ത്രവുമായി ലോറി കേരളത്തിലെത്തിയത്.
ദേശീയപാത റോഡ് വികസനം നടക്കുന്ന ബാലരാമപുരം ഭാഗത്ത് നിന്നും ഏറെ പണിപ്പെട്ടാണ് പ്രാവച്ചമ്പലത്തെത്തിയത്. പ്രാവച്ചമ്പലം, നേമം, വെള്ളായണി, പാപ്പനംകോട് തുടങ്ങിയ ഇടങ്ങൾ കടന്നാണ് വാഹനം ഇന്നലെ കൈമനത്ത് എത്തിയത്.
മലയാളികൾ ഉൾപ്പെടെ 32 ജീവനക്കാരാണ് വാഹനത്തിലുള്ളത്. എഴുപത് ടണ്‍ ഭാരമുള്ള പടുകൂറ്റന്‍ യന്ത്രത്തിന് 6.4 മീറ്റര്‍ ഉയരവും 6.45 മീറ്റര്‍ വീതിയുമുണ്ട്. 74 ടയറുകളാണ് വാഹനത്തിനുള്ളത്.