തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാ തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കും. പ്രതികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സമാനകേസുകൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് ഇത്.
പഞ്ചാബിലും ഹരിയാനയിലും പ്രതികൾക്കെതിരെ സമാനമായ കേസുകള്‍ നിലവിലുള്ളത് കൂടാതെ ഒഡിഷയിലും തമിഴ്നാട്ടിലും തട്ടിപ്പ് നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഡിആര്‍ഡിഒ, വിഎസ്എസ്സി എന്നിവ നടത്തുന്ന പരീക്ഷകളിലാണ് കൂടുതലും തട്ടിപ്പ് നടന്നിട്ടുള്ളത്.
പരീക്ഷയിൽ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നതിനു പിന്നാലെ വിഎസ്എസ്സി പരീക്ഷ റദ്ദാക്കിയിയിരുന്നു. പുതിയ പരീക്ഷകള്‍ പുതുക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാവും നടത്തുക.
കേസില്‍ ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ ഒളിവിലാണ്.അതേസമയം ഹരിയാനയില്‍ നിന്നും പിടിയിലായ പ്രധാന പ്രതി ദീപക് ഉള്‍പ്പെടെയുള്ളവർ പോലീസിനോട് സഹകരിക്കാത്തത് പോലീസിനെ വലയ്ക്കുന്നുണ്ട്.
പരീക്ഷ എഴുതിയ മുഴുവന്‍ പേരുടേയും പട്ടിക വിഎസ്എസ്സിയില് നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്. കോപ്പിയടി നടന്ന സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം.
തട്ടിപ്പ് അസൂത്രണം നടത്തിയത് ഹരിയാനയിൽ വച്ചാണെന്നും തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയത് വലിയ തുകയാണ്.
പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിരുന്നു. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
വയറിൽ കാമറ കെട്ടിവച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു പരീക്ഷയ്ക്ക് കോപ്പിയടിച്ചത്.
പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. അതേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്നാണ് സംശയിക്കുന്നത്.