തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേർ കൂടി മെഡിക്കൽ കോളജ് പോലീസിന്റെ കസ്റ്റഡിയിലായി. ഹരിയാന സ്വദേശികളാണ് പിടിയിലായവരെന്ന് അറിയുന്നു.
ഇന്നലെ പിടിയിലായ ഹരിയാന സ്വദേശി സുമിത്ത് എന്നയാളുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യത്യസ്തമായ പേരാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള മറ്റുള്ളവരും ഇതര സംസ്ഥാനക്കാരാണ്. ഇവരുടെ പേരു വിവരം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അത്യാധുനിക ഉപകരണങ്ങളോടെ പരീക്ഷാഹാളിൽ കയറി വൻ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിലായത്. വിഎസ്എസ്ഇ രാജ്യവ്യാപകമായി നടത്തിയ ടെക്നീഷ്യൻ -ഗ്രേഡ് ബി പരീക്ഷയിലാണ് അത്യാധുനിക ഉപകരണങ്ങളുമായി കോപ്പിയടിക്കാൻ ഹരിയാനാ സ്വദേശികൾ എത്തിയത്.
മൊബൈൽ ഫോണും ചെവിക്കുള്ളിൽ പെട്ടെന്ന് നോക്കിയാൽ ആരും കാണാത്ത വിധത്തിൽ ഘടിപ്പിക്കാവുന്ന ബ്ലൂടൂത്തും റിമോട്ടുമായി തട്ടിപ്പു നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ര
ഹസ്യവിവരത്തത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയതു മറ്റ് രണ്ട് പേർക്കായാണ്. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരത്തു വിവിധ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. സുനിത്തിനെ മെഡിക്കൽ കോളജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്റ്റ് ചെയ്തത്. സുനിൽ ബെൽറ്റിൽ മൊബൈൽ കെട്ടിയ രീതിയിലായിരുന്നു. ഫോണ് ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് പുറത്തേക്ക് അയച്ച് കൊടുത്തു.
ഉത്തരങ്ങൾ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴി കേട്ടാണ് പരീക്ഷ എഴുതിയത്. 75 മാർക്കിന് ഉത്തരങ്ങൾ എഴുതിയപ്പോഴാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്. സുമിത്തിന് കൂടുതൽ ഉത്തരങ്ങൾ എഴുതാൻ സാധിച്ചില്ല.
ഹരിയാനയിൽ നിന്നു പരീക്ഷയെഴുതാൻ എത്തുന്നവർ തട്ടിപ്പു നടത്തുമെന്നു നേരത്തെ വിവരം ലഭിച്ചതിനാൽ പോലീസ് ഇക്കാര്യം പരീക്ഷാകേന്ദ്രങ്ങളിലും അറിയിച്ചിരുന്നു.
ഇതേത്തുടർന്ന് പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളിൽ ബ്ലൂടൂത്ത് കണ്ടെത്തിയത്.
വിഎസ്എസ്സി നടത്തുന്ന ദേശീയതല പരീക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം പട്ടത്തെ ഒരു സ്കൂളിൽ വച്ചായിരുന്നു പരീക്ഷ.
അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുന്പും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പോലീസ് പറയുന്നു. വിമാനത്തിലെത്തി പരീക്ഷാ തട്ടിപ്പിനു ശേഷം വിമാനത്തിൽ തന്നെ തിരിച്ചു പോകാനായിരുന്നു പദ്ധതി. തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.