മോഹൻലാൽ ചിത്രമായ വിയറ്റ്നാം കോളനിക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തമ്മിൽ എന്താണ് ബന്ധം..? സംഗതി കണ്ടുപിടിച്ചത് എംഎൽഎ വി.ടി. ബൽറാമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു യാത്രയുമായി ബന്ധപ്പെടുത്തി ബൽറാം ഫേസ്ബുക്കിലിട്ട വിയറ്റ്നാം കോളനി ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ബൽറാമിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി കമന്റുകൾ നിറഞ്ഞുകഴിഞ്ഞു.
സംഘപരിവാർ ഭീഷണിയെ തുടർന്ന് പിണറായി വിജയന് സിദ്ധരാമയ്യ സർക്കാർ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. നഗരത്തിൽ മാത്രം 3000 പോലീസുകാരെ സർവസന്നാഹങ്ങളുമായി നിയോഗിച്ചിരുന്നു. ആറ് എസ്പിമാർ, പത്ത് എഎസ്പിമാർ എന്നിവർക്കായിരുന്നു സുരക്ഷാചുമതല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 600 സിസിടിവി കാമറകളും സ്ഥാപിച്ചിരുന്നു. ആറു ഡ്രോണ്‍ കാമറകളും സജ്ജീകരിച്ചിരുന്നു.
ഈ സുരക്ഷയിൽ വേദിയിൽ നിന്ന് മുഖ്യമന്ത്രി ആർഎസ്എസിനെതിരേ ആഞ്ഞടിച്ചതിനെയാണ് ബൽറാം ട്രോളിയത്. വിയറ്റ്നാം കോളനിയിൽ മോഹൻലാലും ഇന്നസെന്റും അഭിനയിച്ച സീൻ ആണ് വീഡിയോയിൽ. സംഘപരിവാർ സംഘടനകൾ പിണറായിയെയല്ല, സിദ്ധരാമയ്യയെയാണ് ഭയക്കുന്നതെന്നാണ് ബൽറാം വീഡിയോയിലൂടെ പറഞ്ഞുവയ്ക്കുന്നത്. “ഇന്ദ്രനും ചന്ദ്രനും വിചാരിച്ചിട്ട് നടന്നില്ല. പിന്നാ ഒരു ഓട്ടോറിക്ഷക്കാരൻ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ…
വീഡിയോ കാണാം..