ഷാഫി പറമ്പിലിനെതിരേ വ്യാജവാര്‍ത്തയ്ക്ക് പിന്നില്‍ സംഘപരിവാറെന്ന് വി.ടി ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം ഷാഫി രാജിവച്ചതിനെക്കുറിച്ച് ബല്‍റാമിന് പറയാനുള്ളത്

കൈക്കൂലി വാങ്ങി കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയെന്ന വിവാദത്തില്‍ കേരളത്തിലെ ഒരു യുവ എംഎല്‍എ ഉള്‍പ്പെട്ടെന്നും ഈ എംഎല്‍എയെ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് ഈ എംഎല്‍എ എന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയിലടക്കം വാര്‍ത്ത വന്നത്. സംഭവം വിവാദമായതോടെ വി.ടി. ബല്‍റാം എംഎല്‍എ പ്രതികരണവുമായി രംഗത്തെത്തി. ബല്‍റാം പറയുന്നതിങ്ങനെ-

ഹീനമായ രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയാണ് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സംഘ്പരിവാര്‍ ചാനലായ ‘ജന’ത്തിന്റെ വ്യാജവാര്‍ത്തക്ക് പുറകില്‍. ഷാഫിയടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ നേതൃത്ത്വത്തിന് നല്ല മതിപ്പാണുള്ളതെന്നാണ് അറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ കേശവ് ചന്ദിന്റേയും മറ്റ് നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്ന് അതാണ് വ്യക്തമാവുന്നത്.

ആഴ്ചകളോളം ഇതര സംസ്ഥാനങ്ങളില്‍ സംഘടനാച്ചുമതലകളുമായി തങ്ങേണ്ടി വരുന്നത് സ്വന്തം നിയോജക മണ്ഡലത്തിലെ അസാന്നിദ്ധ്യമായി മാറുന്നതിലെ ബുദ്ധിമുട്ട് ഷാഫി ഞാനടക്കമുള്ള സുഹൃത്തുക്കളോട് നിരന്തരം പറയാറുണ്ടായിരുന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹം സ്വമേധയാ രാജിവച്ചൊഴിഞ്ഞതിന്റെ പുറകിലെ കാരണവും മറ്റൊന്നല്ല എന്ന് ഷാഫിയെ അറിയാവുന്നവര്‍ക്കെല്ലാം ഉറപ്പാണ്.

രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെ തരിമ്പും കഴമ്പില്ലാത്ത വ്യാജ ആരോപണങ്ങള്‍ വലിയ വാര്‍ത്തയായി നല്‍കുന്ന പ്രവണതയാണ് പൊതുവില്‍ ജനം, കൈരളി പീപ്പിള്‍ പോലുള്ള പാര്‍ട്ടി ചാനലുകളുടേത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റു പിടിക്കുകയും ചെയ്യും. ഷാഫിക്കെതിരെ ഇപ്പോള്‍ വ്യാജ വാര്‍ത്തയുമായി എത്തിയിട്ടുള്ളത് ‘ജന’മാണെങ്കില്‍ എനിക്കെതിരെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഊഹാപോഹങ്ങളും നുണപ്രചരണങ്ങളുമായി വ്യക്തിഹത്യ നടത്താന്‍ സമീപകാലത്ത് ‘കൈരളി പീപ്പിള്‍’ ആണ് മുന്നില്‍. ‘ജന’വും ‘പീപ്പിളു’മൊക്കെ പര്യായപദങ്ങളാണെന്നത് ഇങ്ങനെ എത്രയോ തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ആരോപണ വിധേയരായവര്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിശദീകരിച്ചാലും മിക്കവാറും ആളുകളുടെ മനസ്സില്‍ നിലനില്‍ക്കുക ആദ്യത്തെ വ്യാജ വാര്‍ത്തയായിരിക്കും. അതു തന്നെയാണ് വാര്‍ത്ത സൃഷ്ടിക്കുന്നവരുടെ ഉദ്ദേശ്യവും. ഇങ്ങനെയുള്ള ദുരുപദിഷ്ട വാര്‍ത്തകളും പ്രചരണങ്ങളും മാധ്യമ ധര്‍മ്മത്തിന് യോജിച്ചതാണോ എന്നതിനേക്കുറിച്ച് മാധ്യമലോകം പൊതുവില്‍ ആത്മപരിശോധന നടത്തണം.

ബിജെപി വലിയ രാഷ്ട്രീയ സ്വപ്നങ്ങള്‍ കാണുന്ന പാലക്കാടിന്റെ ജനപ്രതിനിധിയാണ് ഷാഫി പറമ്പില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി രണ്ടാമതെത്തിയതും അതിനുമുന്‍പ് കേരളത്തിലെ ഏക മുന്‍സിപ്പല്‍ ഭരണം പാലക്കാട് പിടിച്ചതും നാം കണ്ടു. ആ ഭരണത്തിന് സമീപ നാളുകളില്‍ അന്ത്യം കുറിക്കപ്പെടുമെന്നുറപ്പാണ്. അതിന്റെ അങ്കലാപ്പാണ് ബിജെപിക്കാരുടേയും അവരുടെ മാധ്യമങ്ങളുടേയും ഭാഗത്ത് നിന്ന് കാണുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം പാലക്കാട്ടേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട് എന്നതില്‍ ഒട്ടും സംശയമില്ല.

Related posts