കണ്ണൂർ: കണ്ണൂർ സർവകലാശാലയെ സിപിഎം പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് വി.ടി. ബലറാം എംഎൽഎ. കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച വകുപ്പ് മേധാവിക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ സർവകലാശാല വരുന്നതിനെ ആദ്യം എതിർത്തവരാണു സിപിഎമ്മുകാർ. കോഴിക്കോട് സർവകലാശാല ഉള്ളപ്പോൾ എന്തിന് കണ്ണൂർ യൂണിവേഴ്സിറ്റി എന്നു പറഞ്ഞവരാണ് ഇപ്പോൾ ഈ സർവകലാശാലയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
രാഷ്ട്രീയ ഭിക്ഷാംദേഹികളെയും ഒരുനിലവാരമില്ലാത്തവരെയും സിൻഡിക്കറ്റ് അംഗങ്ങളാക്കി മാറ്റി സർവകലാശാലയുടെ എല്ലാ പ്രൗഢിയും ബഹുമാനവും തകർത്തുകൊണ്ട് മുന്നോട്ടുപോവുകയാണ്. ഈ അംഗങ്ങൾക്ക് എന്താണ് സർവകലാശാലയുമായിട്ടുള്ള ബന്ധം.
എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ യഥാർഥത്തിൽ സ്ത്രീപീഡകരെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. ഇവിടെ ഒരു വകുപ്പ് മേധാവി തന്നെയാണ് മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആ അധ്യാപകനെ എന്തുവില കൊടുത്തും സർവകലാശാലയിൽ സിപിഎം സംരക്ഷിക്കുകയാണ്. സിപിഎം പക്ഷപാതക്കാർ നടത്തിയ അന്വേഷണത്തിൽ പോലും അധ്യാപകൻ കുറ്റം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
നൂറുകണക്കിനു പെൺകുട്ടികൾ പഠിക്കുന്ന ഇവിടെ പെൺകുട്ടികളേയും രക്ഷിതാക്കളേയും വെല്ലുവിളിക്കുകയാണു ചെയ്യുന്നത്. രാഷ്ട്രീയം നോക്കി പീഡിപ്പിക്കുന്നവരെ സംരക്ഷിക്കുന്ന നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. സർവകലാശാല തെറ്റ് തിരുത്തുന്നതുവരെ സമരവുമായി മുന്നോട്ടുപോകും.
പ്രളയദുരിതത്തിനെ തുടർന്ന് സർക്കാർ ജീവനക്കാരിൽ നിന്നും നിർബന്ധ ധനസമാഹാരം നടത്തുന്നത് ജീവനക്കാരെ രണ്ടു തട്ടാക്കിമാറ്റും. ഇതിൽ നിന്നു സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെറ്റോ ജില്ലാ ചെയർമാൻ കെ. മധു അധ്യക്ഷത വഹിച്ചു.
കെ.സി. രാജൻ, കെ. രമേശൻ, കെ.കെ. രാജേഷ്ഖന്ന, കെ.എൻ. ചാലിൽ, പി. കൃഷ്ണൻ, എം.എ. മോഹനൻ, ബാബു കിഴക്കേവീട്ടിൽ, കെ. ഉണ്ണികൃഷ്ണൻ, റിജിൽ മാക്കുറ്റി, രജിത്ത് നാറാത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കളക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധിപേർ പങ്കെടുത്തു. സർവകലാശാല കവാടത്തിൽ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു.