കണ്ണൂർ: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരാനും നരേന്ദ്രമോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ ദുർഭരണം അവസാനിപ്പിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ സിപിഎം മത്സരിക്കുന്നത് അവരുടെ ചിഹ്നം നിലനിർത്തുക എന്ന പരിമിതമായ ലക്ഷ്യത്തിനു വേണ്ടിയാണെന്ന് വി.ടി.ബൽറാം.യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ മട്ടന്നൂർ നിയോജകമണ്ഡലത്തിലെ ഇന്നത്തെ മണ്ഡല പര്യടന പരിപാടി കല്യാട് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൽറാം.
ഒരുഭാഗത്ത് കോൺഗ്രസ് ആഗ്രഹിക്കുന്ന രൂപത്തിലുള്ള മതേതര ജനാധിപത്യ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. എന്നാൽ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവരുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും കെ.സുധാകരൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വി.ടി.ബൽറാം എംഎൽഎ പറഞ്ഞു.
പിണറായി വിജയനും അമിത് ഷായ്ക്കും ഒരേ ഭാഷയാണെന്നും രാഹുൽ ഗാന്ധി സഹിഷ്ണുതയുള്ള ഒരു ഭാരതത്തെ സൃഷ്ടിക്കാൻ ബിജെപിയിൽനിന്ന് അധികാരം ഇല്ലാതാക്കാൻ പരിശ്രമിക്കുമ്പോൾ അമിത് ഷായുടെ രാഷ്ട്രീയ താൽപര്യത്തിന് സഹായകരമായ നിലപാടാണ് സിപിഎമ്മും പിണറായിയും സ്വീകരിക്കുന്നത്.
റഫാൽ അഴിമതിയെ കുറിച്ച് ഒരിക്കൽ പോലും പിണറായി മിണ്ടാതിരിക്കുന്നത് ഈ ബിജെപി താല്പര്യം ഒന്ന് കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി വി.കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചാക്കോ പാലക്കിലോടി, ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂർ, ബേബി തോലാനി, വി.ആർ.ഭാസ്ക്കരൻ,രജിത്ത് നാറാത്ത്, ജോഷി കണ്ടത്തിൽ, ഇ.പി.ഷംസുദ്ദീൻ.എൻ.സി.സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു.