തിരുവനന്തപുരം: പിണറായിയുടെ പോലീസും മോദിയുടെ പോലീസും ഒരുപോലെയാണെന്നു വി.ടി. ബൽറാം എംഎൽഎ. ഷാഫി പറന്പിൽ എംഎൽഎയെ പോലീസ് മർദിച്ച വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകവെയാണ് ബൽറാം ഇത്തരത്തിൽ തുറന്നടിച്ചത്.
കെഎസ് യു പ്രവർത്തകരുടെ സമരത്തിന് അഭിവാദ്യം അർപ്പിക്കാനാണ് ഷാഫി പറന്പിൽ പോയത്. അറസ്റ്റ് വരിച്ച പ്രവർത്തകരെ കൊണ്ടുപോയ പോലീസ് വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ചതിന്റെ പേരിൽ പോലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പോലീസ് നയമാണ് പിണറായിയുടെ പോലീസ് നടപ്പാക്കുന്നത്. അതിക്രൂരമായ മർദനമാണ് നടന്നത്. പോലീസ് ഭാഷ്യമാണ് മന്ത്രി പറയുന്നതെന്നും വി.ടി. ബൽറാം എംഎൽഎ തുറന്നടിച്ചു.
ഡാർവിന്റെ പരിണാമ സിദ്ധാന്തമൊന്നും കേരളത്തിലെ പോലീസിനു ബാധകമല്ല. കേരളത്തിലെ പോലീസ് കുരങ്ങൻമാരുടെ പോലീസായി മാറി. വാളയാർ വിഷയത്തിൽ കഐസ് യു ആദ്യമായല്ല സമരം നടത്തുന്നത്. പിഎസ് സി, യൂണിവേഴ്സിറ്റി മാർക്ക് തട്ടിപ്പ് വിഷയങ്ങളിലും സമരം നടത്തി. ഈ വിഷയങ്ങളിലെ അന്വേഷണം അട്ടിമറിക്കാനുള്ള നടപടികളാണു സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണു ശ്രമിക്കുന്നതെന്നും ബൽറാം കുറ്റപ്പെടുത്തി.