ഷൊർണൂർ: അക്ഷരങ്ങൾ കൊണ്ട് അശ്വമേധം നടത്തി നവോത്ഥാനത്തിന്റെ കൊടുങ്കാറ്റുയർത്തിയ വി.ടിയുടെ ഭവനം കാലാന്തരങ്ങളെ അതിജീവിച്ച് ചരിത്രമെഴുതുന്നു. തൃത്താല കൂറ്റനാടാണ് വൻ വിപ്ലവങ്ങൾ നടന്ന ഈ വീടുള്ളത്.
ഇത് രസികസദനം. വി.ടി ഭട്ടതിരിപ്പാടിലൂടെ സാമൂഹ്യ കേരളത്തിന്റെ നവോത്ഥാന ചരിത്രങ്ങൾക്കെല്ലാം സാക്ഷിയായ വീട്. ‘പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം.
പക്ഷേ, ഒരില്ലത്തെ അപ്ഫനായി ജനിക്കാൻ സാദ്ധ്യമല്ല’ എന്ന് കേരളത്തിന്റെ യാഥാസ്തിക മനസാക്ഷിയോട് ഗർജ്ജിച്ച വിപ്ലവകാരിയായിരുന്നു വി.ടി ഭട്ടതിരിപ്പാട്.
കല്ലെ പിളർക്കുന്ന കൽപ്പനകൾ കഴുത്ത് വെട്ടിയും നടപ്പാക്കിയിരുന്ന പോയ കാല സവർണ്ണാധിപത്യത്തിനെതിരായി പടപ്പുറപ്പാട് നടത്തിയ അദ്ദേഹം നവോത്ഥാന രംഗത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തി.
ത്യാഗസന്പത്തു കൊണ്ട് ദേവത്വവും, ഭോഗ തൃഷ്ണ കൊണ്ട് മൃഗീയത്വവും നേടിയ നന്പൂതിരിമാർക്കിടയിൽ, ഒരു തീജ്വാലയായി കത്തി പടർന്ന് വിപ്ലവം നടത്തിയ വി.ടി, നിശിതങ്ങളായ വാക്കുകളും പടവാളിനേക്കാൾ മൂർച്ചയുള്ള തൂലികയും കൊണ്ട് യുദ്ധകാഹളം മുഴക്കിയത്, വിശാലമായ ഈ വീടിന് മുകളിൽ അങ്ങേ അറ്റത്തുള്ള വലിയ ജനലിന് പുറകിൽ മൂന്നാം നിലയായി നിലകൊള്ളുന്ന ഒരറയിൽ നിന്നാണ്.
ഇവിടെ നിന്നാണ് കോളിളക്കം സൃഷ്ടിച്ച അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം പിറവിയെടുത്തത്. ഇവിടെയാണ് കേരള ചരിത്രം മാറ്റിയെഴുതിയ ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും, ക്ഷേത്ര പ്രവേശന വിളംബരത്തിന്റെയും, അയിത്തോച്ചാടനത്തിന്റെയും ആസൂത്രണങ്ങൾ നടന്നത്. ഈ വീട്ടിലാണ് വിധവാവിവാഹവും, ഘോഷ ബഹിഷ്കരണവും, മിശ്രഭോജനവും നടന്നത്.
പോയ കാലത്ത് കസ്തൂർബ ഗാന്ധിയും, ഉൗർമിളാദേവിയും ഒരാഴ്ചയോളം അന്തിയുറങ്ങിയത് ഈ വീടിന്റെ അകത്തളങ്ങളിലാണ്. സഹോദരൻ അയ്യപ്പനും, എം.സി ജോസഫും, കെ കേളപ്പനും, സദാശിവറാവുവും, പാർവ്വതി അയ്യപ്പനും, ഇ.എം.എസുമെല്ലാം ഒത്തുകൂടിയത് 120 വർഷത്തിലധികം പഴക്കമുള്ള ഈ തറവാട്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിലാണ്.
വി.ടി ഭട്ടതിരിപ്പാടിനൊപ്പം തന്നെ വിസ്മരിക്കാനാകാത്ത ഈ രസികസദന’ത്തിന് എഴുതപ്പെടാത്ത ഒട്ടനവധി ചരിത്രമുഹൂർത്തങ്ങളുടെ ആവേശോജ്വലമായ അധ്യായങ്ങളുമുണ്ട്. മറക്കുടക്കുള്ളിലെ മഹാ ദുരിതം കണ്ടാണ് വി ടി ഭട്ടതിരിപ്പാട് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന വിഖ്യാത നാടകം രചിച്ചത്.
കേരളത്തിൽ ഈ നാടകം ഉണ്ടാക്കിയ ചലനങ്ങൾ വളരെ വലുതായിരുന്നു. നന്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന യാഥാസ്തിക ഉച്ച നീചത്വങ്ങൾ തകർത്തെറിഞ്ഞ ഭട്ടതിരിപ്പാട് നന്പൂതിരി പെണ്കിടാങ്ങളുടെ ജീവിത നൊന്പരങ്ങളെ പുരോഗമനാശയങ്ങൾ കൊണ്ട് നേരിട്ടു. വിധവാ വിവാഹവും.
വിദ്യാഭ്യാസം നേടാനുള്ള അവകാശവും സ്ഥാപിച്ചെടുത്തു. പന്തിഭോജനത്തിനും, ഖാദി പ്രസ്ഥാനത്തിനും ഉൗടും പാവും നെയ്തു. പോയ കാലത്തിന്റെ നവോത്ഥാന ചരിത്രം ഇവിടെ വീണുറങ്ങുന്നു.
വി.ടി യുടെ ഉൗർധ്വ ശ്വാസം വീണലിഞ്ഞ ഈ വീട് പോയ കാലത്തിന്റെ ചരിത്രം കൂടിയാണ്. ചരിത്രശേഷിപ്പുകൾ നിലനിർത്തികൊണ്ട് ഈ വീട് പുതുക്കിപ്പണിയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.