പാലക്കാട്: നന്പൂതിരിസമുദായത്തിലെ ജാതിചിന്തകൾക്കും യാഥാസ്ഥിതിക നിലപാടുകൾക്കുമെതിരെ ആഞ്ഞടിച്ച സാമൂഹിക വിമർശകനും നവോത്ഥാന നായകനുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ഓർമയ്ക്കു പാലക്കാട് സാംസ്കാരിക സമുച്ചയം ഉയരുന്നു.
“അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ എന്ന വിപ്ലവ നാടകം പിറന്നുവീണ തൂലികയുടെ ഉടമയെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താൻ 56.48 കോടി ചെലവഴിച്ചാണ് സാംസ്കാരിക വകുപ്പ് കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്.
നിർമാണോദ്ഘാടനം 24നു വൈകുന്നേരം 5.30ന് നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എം.ബി.രാജേഷ് എംപി പങ്കെടുക്കും.
സേലം – കന്യാകുമാരി ദേശീയപാതയോടു ചേർന്ന് ഗവണ്മെന്റ് മെഡിക്കൽ കോളജിനു സമീപത്തെ അഞ്ചരയേക്കർ സ്ഥലത്താണ് എൻട്രൻസ് ബ്ലോക്ക്, എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപ്പണ്‍ എയർ തിയറ്റർ സൗകര്യങ്ങളോടെ 1,10,750 സ്ക്വയർ ഫീറ്റിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്.
12,500 സ്ക്വയർഫീറ്റ് വലിപ്പത്തിൽ വിവരാന്വേഷണ കേന്ദ്രം, മെമ്മോറിയൽ ഹാൾ, ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ ഉൾപ്പെടുത്തിയാണ് എൻട്രൻസ് ബ്ലോക്ക് നിർമിക്കുന്നത്. എക്സിബിഷൻ ബ്ലോക്കിൽ എക്സിബിഷൻ സ്പേസസ്, ആർട്ട് ഗാലറി, ശില്പകലാമണ്ഡപം, ഫോക്ലോർ സെന്റർ, സോവനീർ ഷോപ്സ് എന്നിവ ഒരുക്കും.
ഓഡിറ്റോറിയം, ഓഡിയോ വിഷ്വൽ തിയറ്റർ, ബ്ലാക്ക് ബോക്സ് തീയറ്റർ, സെമിനാർ ഹാൾ, മിക്സിംഗ് ലാബ്, വർക്ക്ഷോപ്പ് സ്പെയ്സ്, ക്ലാസ് മുറികൾ, റിഹേഴ്സൽ ക്യാന്പുകൾ എന്നീ സൗകര്യങ്ങളാണ് പെർഫോമൻസ് ബ്ലോക്കിലുള്ളത്. 1000 ഇരിപ്പിടങ്ങളോടുകൂടിയ ഓപ്പണ്‍ എയർ തിയറ്ററും സമുച്ചയത്തിന്റെ ഭാഗമായി ഒരുക്കും.