വടകര: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകര മണ്ഡലത്തില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓട്ടോകളും കാറുകളും റോഡിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു.
ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ദേശീയപാതയിലൂടെയുള്ള ദീര്‍ഘദൂര ബസ് സര്‍വീസ് സുഗമമായി നടന്നു. കണ്ണൂക്കരയില്‍ റോഡ് തടയാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തെത്തിയെങ്കിലും പോലീസ് ഇവരെ വിരട്ടി ഓടിച്ചു.
ഓര്‍ക്കാട്ടേരിയില്‍ വാഹനം തടയാന്‍ പ്രവര്‍ത്തകരെത്തി.വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍ , ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. അക്രമങ്ങള്‍ക്കെതിരെ ഇന്നലെ വൈകുന്നേരം നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ പ്രകടനങ്ങള്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിജെപിയും സിപിഎമ്മും ഒഴിവാക്കി.
വടകര പോലീസ് സ്റ്റേഷന് പരിധിയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും അനുമതി നല്‍കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികള്‍ക്കും പോലീസ് രേഖാമൂലം നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് നടപടി. നഗരത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
സേവാഭാരതി കേന്ദ്രത്തിനു നേരെ കല്ലേറ്
വടകര: സംഘര്‍ഷം നിലനില്‍ക്കുന്ന വടകര നഗരത്തില്‍ സേവാഭാരതി കേന്ദ്രത്തിനു നേരെ കല്ലേറ്. പരവന്തല പരദേവതാ ക്ഷേത്രത്തിനു സമീപത്തെ സേവാഭാരതി വിവേകാനന്ദ സേവാ കേന്ദ്രത്തിനു നേരെയാണ് കല്ലേറുണ്ടായത്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ചുമരിലാകെ തുരുതുരാ കല്ലേറ് കൊണ്ടിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തകരെത്തിയപ്പോഴാണ് സംഭമറിയുന്നത്. വടകര പോലീസ് സ്ഥലത്തെത്തി.