കുറവിലങ്ങാട്: വിദേശത്തുനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയതിനെ ത്തുടർന്ന് വീട്ടിൽ ഐസലേഷനിലാകണമെന്ന നിർദ്ദേശം ലംഘിച്ച് ഷാപ്പിൽ കച്ചവടത്തിനെത്തിയയാൾക്കെതിരേ പോലീസ് കേസെടുത്തു. കടപ്പൂർ സ്വദേശിക്കെതിരേയാണ് കേസ്.
ഇയാളുടെ മകൾ കഴിഞ്ഞദിവസം ഇറ്റലിയിൽ നിന്നെത്തിയിരുന്നു. ഈ പെണ്‍കുട്ടിക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചിരുന്നു. ഇതിനൊപ്പം പെണ്‍കുട്ടിയെ കൊണ്ടുവരുന്നതിനായി പോയവരോടും വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചെങ്കിലും ഇയാൾ വീട്ടിലിരിക്കാൻ തയാറായില്ല.
ഇന്നലെ വീടിന് സമീപമുള്ള കള്ളുഷാപ്പിൽ വിൽപ്പനയ്ക്കും മാനേജർ ജോലിക്കുമായി എത്തി. ഇത് നാട്ടുകാരിൽ ചിലർ പോലീസിനേയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. തുടർന്ന് കുറവിലങ്ങാട് പോലീസ് എത്തി ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
വെളിയന്നൂരിൽ വിദേശത്തുനിന്നെത്തിയയാളുടെ നേതൃത്വത്തിലാരംഭിക്കുന്ന പാറമടയുടെ ഭാഗമായുള്ള ഓഫീസ് പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശം നൽകി.
ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. യുഎഇയിൽ പോയിവന്നയാൾ വീട്ടിൽ നിരീക്ഷണത്തിന് തയാറാകാതെ 22 ജീവനക്കാരുള്ള ഓഫീസിൽ പ്രവർത്തനത്തിലേർപ്പെട്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
ഇലഞ്ഞി സ്വദേശിയായ ഇയാളോട് വീട്ടിൽ കർശനമായി നിരീക്ഷണത്തിലിരിക്കാനും ഓഫീസ് പ്രവർത്തനം നിരീക്ഷണ കാലാവധിവരെ നിർത്തിവയ്ക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്. ഈ ഓഫീസിൽ പ്രവർത്തിച്ചിരുന്നവരോട് വീട്ടിൽ നിരീക്ഷണത്തിലിരിക്കാനും നിർദേശമുണ്ട്.