കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിലെ രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അതേസമയം കേസില്‍ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്ത നാലു പ്രതികളെ ഇന്നു തെളിവെടുപ്പിന് കൊണ്ടുപോകും. ഷംന കാസിമിന്റെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ അന്വേഷണ സംഘം തൃശൂരില്‍നിന്ന് കണ്ടെടുത്തു.
ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നു തെളിവെടുപ്പിന് കൊണ്ടുപോകുന്നത്.
അതിന് മുന്നോടിയായി രാവിലെ ഇവരെ അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഇന്നലെ പിടികൂടിയ തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരെക്കൂടി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്.
ഷംന കാസിമിന്റെ വീട്ടില്‍ കല്യാണാലോചനയുമായി പോയ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് അബ്ദുള്‍ സലാം. ജില്ലാ കോടതി സമുച്ചയത്തിലെ കോടതി മുമ്പാകെ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. അബൂബക്കറും കോടതി മുന്‍പാകെ കീഴടങ്ങാന്‍ എത്തിയതായിരുന്നു.
പത്തു ദിവസത്തെ ചോദ്യം ചെയ്യലിനാണ് പ്രതികളെ വിട്ടു നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരേ കൂടുതല്‍ പരാതികളുണ്ടെന്നും വിശദമായി ചോദ്യം ചെയ്തെങ്കില്‍മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താൻ കഴിയുകയുള്ളു എന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു. നാലു പ്രതികളുടെയും ജാമ്യാപേക്ഷ ജൂലൈ ഒന്നിനു പരിഗണിക്കും.