ആലപ്പുഴ: തുന്പോളിയിൽ കുറ്റിക്കാട്ടിലുപേക്ഷിച്ച നവജാത ശിശുവിന്റെ അമ്മ താൻ തന്നെയെന്നു ഒടുവിൽ യുവതിയുടെ കുറ്റസമ്മതം.
രണ്ടു ദിവസമായി ആശുപത്രി അധകൃതർ ഉൾപ്പെടെയുള്ളവർ നിരന്തരം ചോദ്യം ചെയ്തിട്ടും കുട്ടിതന്റെയല്ലെന്ന നിലപാടിലായിരുന്നു യുവതി.
എന്നാൽ, ഡിഎൻഎ പരിശോധന നടത്താൻ പോലീസ് നീക്കമാരംഭിച്ചതോടെയാണ് യുവതി കുട്ടിയുടെ അമ്മ താനാണെന്ന് വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് തുന്പോളി വികസനം ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ ഉടൻ വനിതാ ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി താമസിച്ചിരുന്ന വീടിനോടു ചേർന്നാണ് കുറ്റിക്കാട്.
ഇതിന് ഒരു മണിക്കൂർ മുന്പ് അമിത രക്തസ്രാവത്തെതുടർന്ന യുവതി ചികിത്സതേടി കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ എത്തിയിരുന്നു.
ഇതോടെ ആശുപത്രി അധികൃതർക്ക് സംശയമായി. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു.
എന്നാൽ, യുവതി ഇതുനിഷേധിച്ചു. ഈ യുവതിതന്നെയാണ് കുട്ടിയുടെ അമ്മയെന്ന് ആശുപത്രി അധികൃതർ ഉറപ്പിച്ചു.
ഇതിനിടെ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ആശുപത്രി സന്ദർശിക്കുകയും കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.
കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്ന് കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു.
ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ നോർത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാൻ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അമ്മ താൻ തന്നെയെന്നു യുവതി സമ്മതിച്ചെങ്കിലും കുട്ടിയെ യുവതിക്ക് വിട്ടുകൊടുക്കില്ല. കോടതി നടപടികൾക്കുശേഷമാകും കുട്ടിയെ അമ്മയോടൊപ്പം വിടണോ വേണ്ടയോ എന്നു തീരുമാനിക്കുക.
കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്പോൾ ശിശുക്ഷേമസമിതി ആശുപത്രിയിൽനിന്ന് ഏറ്റെടുക്കും. ശിശുപരിചരണ കേന്ദ്രത്തിലാകും കുഞ്ഞ് വളരുക.