കൊല്ലം: പൊതുതെരഞ്ഞെടുപ്പ് 2019 ലേക്കുള്ള വിവി പാറ്റ് മെഷീനുകള്‍ കൊല്ലത്ത് എത്തിച്ചു. വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തിയതിന്റെ പ്രിന്റുചെയ്ത വിവരം നല്‍കുന്നതിനുള്ള 2840 വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ മെഷീനുകളാണ് ഹൈദ്രാബാദില്‍ നിന്ന് ജില്ലയിലേക്ക് കൊണ്ടു വന്നത്.
ജില്ലയില്‍ ആകെയുള്ള 1944 ബൂത്തുകളിലേക്കാണ് മെഷീനുകള്‍ ഏര്‍പ്പെടുത്തുക. ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായാല്‍ പകരം ഉപയോഗത്തിനായി 46 ശതമാനം അധികം യൂണിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധിപ്പിച്ച് വി.വി പാറ്റ് മെഷീനുകളുടെ പരിശോധന 25ന് തുടങ്ങും.
കരിക്കോട് വെയര്‍ഹൗസിംഗ് കോര്പറേഷന് ഗോഡൗണില്‍ പോലീസ് കാവലിലാണ് ഇവ സൂക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക പരിശോധനയ്ക്കുശേഷം ഹൈദ്രാബാദ് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമറ്റഡില്‍ നിന്ന് പുനലൂര്‍ തഹസില്‍ദാരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ ജയന് എം. ചെറിയാന്റെ നേതൃത്വത്തിലാണ് 11 അംഗ സംഘം മെഷീനുകള്‍ അഞ്ച് കണ്ടയിനറുകളിലായി കൊണ്ടുവന്നത്.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ എ. ബര്നഡിന്, ഗോപകുമാര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എ. കുഞ്ഞുമോന്, വിനോദ് ചന്ദ്രന്, വെയര്‍ഹൗസിംഗ് കോര്പറേഷന് റീജിയണല്‍ മാനേജര്‍ എസ്. പ്രവീണ്‍ കുമാര്‍, മാനേജര്‍ എസ്. ദിലീപ് കുമാര്‍, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധിച്ച ശേഷം മെഷീനുകള്‍ പോലീസ് കാവലോടെ ഗോഡൗണിലേക്ക് മാറ്റി.