മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശ്(56) അന്തരിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സ്മിത, മക്കള്‍: നന്ദന (പ്ലസ്ടു), നിള (നാലാം ക്ലാസ്).
കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിൽ ജനനം. എടക്കര ഗവൺമെന്റ് ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെഎസ്യു പ്രവര്‍ത്തകനായ വി.വി. പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.
പിന്നീട് കെ.സി. വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായും കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായും വി.വി. പ്രകാശ് പ്രവർത്തിച്ചു.
നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റായി നിയമിതനായി.
കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍, എഫ്സിഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.