നിലന്പൂർ: വി.വി. പ്രകാശിന് മലപ്പുറത്തിന്റെ കണ്ണീരിൽ കുതിർന്ന വിട.
ഇന്നലെ വരെ പ്രവർത്തനമേഖലയിൽ സജീവമായിരുന്ന മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയത് പുലർച്ചെ 4.15 ഓടെയാണ്.
ഇന്നലെ നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം തന്റെ വിജയം ഉറപ്പാണെന്ന് അറിയിച്ചിരുന്നു.
2016ൽ യുഡിഎഫിന് നഷ്ടമായ നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കാൻ ഇക്കുറി വലിയ പ്രചാരണം തന്നെയാണ് വി.വി.പ്രകാശ് നടത്തിയത്.
എന്നാൽ വിധി വരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ വി.വി.പ്രകാശിന്റെ മരണവാർത്ത എത്തിയതോടെ നിലമ്പൂർ മണ്ഡലം നിശ്ചലമായി.
മലപ്പുറം ഡിസിസി ഓഫീസിൽ രാവിലെ 8 മണി വരെ മൃതുദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജില്ലയിലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെടെ പാർട്ടി ഓഫീസിലേക്ക് നേതാവിനെ ഒരു നോക്ക് അവസാനമായി കാണാൻ എത്തി.
മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ സംസ്ക്കാരിക സാഹിതി ചെയർമാൻ, ആര്യാടൻ ഷൗക്കത്ത്, കെപിസിസി ജനറൽ സെക്രട്ടറിമാർ, എംഎൽഎമാർ, മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ എത്തി.
വാക്കുകൾ പൂർത്തികരിക്കാനാവാതെ പലരും വിതുമ്പി. കഴിഞ്ഞ നാലു വർഷമായി ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ നാലു വർഷമായി വി.വി.പ്രകാശിന്റെ പ്രവർത്തന മേഖല മലപ്പുറമായിരുന്നു മുൻ മന്ത്രിമാരായ എ.പി.അനിൽകുമാർ, ആര്യാടൻ മുഹമ്മദ്, ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.കെ.ബഷീർ എംഎൽഎ തുടങ്ങിയ നിരവധി നേതാക്കൾ വി.വി.പ്രകാശിനെ അനുസ്മരിച്ചു. എടക്കര ബസ് സ്റ്റാൻഡിൽ മൃതുദേഹം പൊതുദർശനത്തിന് വയ്ക്കും.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വി.വി പ്രകാശിന്റെ അകാല നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫി നു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്.
ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ജോസ്.കെ.മാണി അനുശോചിച്ചു
കോട്ടയം: വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണി അനുശോചിച്ചു. സമാദരണീയനായ നേതാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവർത്തകർക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്ന് ജോസ്.കെ.മാണി പറഞ്ഞു.
തീരാനഷ്ടം: വി.എം സുധീരൻ
തിരുവനന്തപുരം: വി.വി. പ്രകാശിന്റെ വേർപാട് ഹൃദയഭേദകവും സഹിക്കാനാവാത്തതുമാണെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ വി.എം സുധീരൻ.
രാഷ്ട്രീയ പ്രവർത്തകർക്കൊരു മാതൃകയാണ് പ്രകാശ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ആകസ്മിക അന്ത്യം സംഭവിച്ചത്.
ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റിയ പ്രകാശ് മികച്ച സംഘാടകനുമായിരുന്നു.
ജനങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട പ്രകാശിന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിയതെന്നും വി.എം സുധീരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
താമരശേരി ബിഷപ് അനുശോചിച്ചു
താമരശേരി : വി.വി. പ്രകാശിന്റെ നിര്യാണത്തിൽ താമരശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അനുശോചനം രേഖപ്പെടുത്തി. കർഷകരുടെ മനസറിയുന്ന ഒരു നേതാവായിരുന്നു കർഷക കുടുംബത്തിൽ ജനിച്ച വി.വി. പ്രകാശ്.
സമൂഹത്തിലെ നിരവധി ഉയർന്ന സ്ഥാനങ്ങൾ ഒരേ സമയം വഹിക്കുമ്പോഴും പാവപ്പെട്ട സാധാരണക്കാരുടെ കൂടെ നിൽക്കാൻ പ്രകാശ് എന്ന നേതാവ് എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അതുകൊണ്ടാണ് പാവപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി മുന്നിൽനിന്ന് പൊരുതുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നത് എന്ന് ബിഷപ് അനുസ്മരിച്ചു.