ഗാന്ധിനഗർ: തലയ്ക്ക് അക്രമിയുടെ വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി.
സംസാരിക്കുവാൻ തയാറായെങ്കിലും മേൽനിരയിലെ നിരവധി പല്ലുകൾ തകർക്കപ്പെട്ടതിനാൽ കഴിയുന്നില്ല.
യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് എത്തിയെങ്കിലും തലയ്ക്കേറ്റ മാരകമായ ക്ഷതവും ഓർമക്കുറവും പരിമിതിയായി.
പാലാ വെള്ളിയേപ്പള്ളി വലിയ മലയ്ക്കൽ ടിന്റു മരിയ ജോണി (26) യാണു ചികിത്സയിൽ കഴിയുന്നത്.
പാലാ കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ കടപ്പാട്ടൂർ കുറ്റിമഠത്തിൽ പി.കെ. സന്തോഷ് (61) യുവതിയെ വെട്ടിയതായാണു കേസ്.
ബുധനാഴ്ച പുലർച്ചെ അഞ്ചിനു വീടിനുസമീപമായിരുന്നു സംഭവം.
പാലായിലെ കോളജ് ജീവനക്കാരിയായിരുന്നു ടിന്റുവിന്റെ അമ്മ. പിതാവ് മുന്പ് മരണപ്പെട്ടു. ബിരുദാനന്ത ബിരുദവും ബിഎഡും പാസായ മൂത്തമകളും, ആക്രമണത്തിന് വിധേയയായ ബിരുദാനന്ത ബിരുദം നേടിയ യുവതിയും ഇവരുടെ ഇളയ സഹോദരുമൊത്ത് വെള്ളിയേപ്പള്ളി ഭാഗത്ത് വാടകയ്ക്കു താമസിക്കുകയാണ്.
തെറ്റായ വാർത്തകളാണ് തങ്ങൾക്കെതിരേ പ്രചരിക്കുന്നതെന്നു ടിന്റുവിന്റെ അമ്മ പറഞ്ഞു.
മകളുടെ നേരേ ഉണ്ടായ ആക്രമണത്തെക്കുറിച്ചു തനിക്ക് യാതൊന്നും അറിയില്ലെന്നും രോഗവിമുക്തിക്കുശേഷം ആക്രമണകാരണം അറിയുവാൻ തങ്ങളും കാത്തിരിക്കുകയാണെന്ന് ഇവർ പറയുന്നു.