വെഞ്ഞാറമ്മൂട് /തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
നാലുപേരും കോണ്ഗ്രസ് പ്രവർത്തകരാണ്. എട്ടു പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കൊലപാതകം ആസൂത്രണം ചെയ്തതിലും മറ്റു പ്രതികളെ സഹായിച്ചതിലും ഇവർക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അൻസാർ, ഉണ്ണി എന്നിവരാണ് പിടിയിലായ മറ്റു രണ്ടു പേർ. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നാണ് ഇതുവരെയുള്ള സൂചനകൾ. പ്രതികൾക്കു രക്ഷപ്പെടാൻ സഹായം ഒരുക്കി എന്ന സൂചനകളെത്തുടർന്ന് ഒരു സ്ത്രീയെ പോലീസ് കസ്റ്റഡി യിലെടുത്തു ചോദ്യം ചെയ് തു വരികയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്ന് പല തവണ അക്രമങ്ങൾ നടന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തു നിന്ന് രണ്ട് ടു വീലറുകൾ കണ്ടെടുത്തിരുന്നു. പ്രതികൾ ഉപയോഗിച്ചതാണെന്ന് കരുതുന്ന കത്തിയും പിടിച്ചെടുത്തു. ഷജിത്തിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പോലീസ് ജീപ്പിൽ കയറ്റും മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷജിത്തിനെ വളഞ്ഞിരുന്നു.
ആറു പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷ് പറഞ്ഞു. ഇതിൽ രണ്ടു പേർ കഴിഞ്ഞ മേയ് മാസത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്.
ഒരു മാസം മുൻപാണ് ഇവർ ജയിലിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം.തേവലക്കാട് യൂണിറ്റ് സെക്രട്ടറി വെന്പായം തേവലക്കാട് ഒഴുകുപാറ മിഥിലാജ് (32) ഡിവൈഎഫ്ഐ കലിങ്കൻമുഖം യൂണിറ്റ് പ്രസിഡന്റ് തേന്പാംമൂട് കലിങ്കിൽമുഖം ബിസ്മി മൻസിലിൽ ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞു നിർത്തി ഇവരെ അക്രമിക്കുകയായിരുന്നു. വെഞ്ഞാറമൂട് തേന്പാംമൂട്ടിൽ . ബൈക്കിൽ പോകുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമിക്കുകയായിരുന്നു. മിഥുനും ഹക്കും വെട്ടേറ്റ് നിലത്തു വീണു.
ഷഹിൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മിഥിലാജിന്റെ നെഞ്ചിലേറ്റ കുത്താണ് മരണകാരണം. പരിക്കേ റ്റ ഹക്കിനെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിവിധയിടങ്ങളിൽ വിവിധയിടങ്ങളിൽ പൊതു ദർശനത്തിവച്ച മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി. മിഥിലാജിന്റെ മൃതദേഹം വെന്പായം ജുമാ മസ്ജിദിലും , ഹക്ക് മുഹമ്മദിന്റെ മൃതദേഹം പേരുമല ജുമാ മസ്ജിദിലുമാണ് കബറടക്കിയത്.