ക്വാലാലന്പൂർ: ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ അർധസഹോദരൻ കിംഗ് ജോംഗ് നാമിനെ വധിക്കാൻ ഉപയോഗിച്ചത് വിഎക്സ് എന്ന വിഷ വാതകമാണെന്നു തിരിച്ചറിഞ്ഞു. കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്ന രാസായുധങ്ങളുടെ പട്ടികയിലാണ് അത്യന്തം മാരകമായ വിഎക്സിനെ യുഎൻ ഉൾപ്പെടുത്തിയിട്ടുള്ളത്. നിരോധിക്കപ്പെട്ട ഈ രാസായുധം ഉൾപ്പെടെ അയ്യായിരം ടൺ രാസായുധം ഉത്തരകൊറിയയുടെ ശേഖരത്തിലുണ്ടെന്ന് ദക്ഷിണകൊറിയൻ വിദഗ്ധർ പറഞ്ഞു.
ക്വാലാലന്പൂർ എയർപോർട്ടിൽ വച്ച് പത്തുദിവസം മുന്പാണ് രണ്ടു ചാരവനിതകൾ ജോംഗ് നാമിനെ വകവരുത്തിയത്. ഉത്തരകൊറിയൻ ഭരണകൂടമാണ് ഇവരെ അയച്ചതെന്നു കരുതപ്പെടുന്നു.
ജോംഗ് നാമിന്റെ മൃതദേഹ പരിശോധനയിൽ വിഎക്സിന്റെ സാന്നിധ്യം കണ്ണുകളിലും മുഖത്തും കാണപ്പെട്ടു. ശീതയുദ്ധകാലത്തെ രാസായുധം പ്രയോഗിച്ചു കൊലപാതകം നടന്നുവെന്നു തെളിഞ്ഞ സാഹചര്യത്തിൽ ആണവോർജ വിദഗ്ധരോട് ക്വാലാലന്പൂർ എയർപോർട്ടിൽ പരിശോധന നടത്തി വിഎക്സ് വിമുക്തമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നു മലേഷ്യൻ പോലീസ് മേധാവി ഖാലിദ് അബുബേക്കർ പറഞ്ഞു. പ്രസ്തുത ചാരവനിതകൾ കടന്നുപോയ മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തി വേണ്ട മുൻകരുതലെടുക്കും.
വിഎക്സ് മലേഷ്യയിൽ കടത്തിയത് ഏതുവിധത്തിലാണെന്നതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അബുബേക്കർ വ്യക്തമാക്കി. വളരെ കുറഞ്ഞ അളവിലാണു വിഎക്സ് കൊണ്ടുവന്നതെങ്കിൽ ഉറവിടം കണ്ടെത്തുക ദുഷ്കരമായിരിക്കും. നയതന്ത്ര ബാഗുകൾ സാധാരണ പരിശോധിക്കാറില്ലാത്തതിനാൽ വിഎക്സ് മലേഷ്യയിൽ എത്തിക്കാൻ ഈ മാർഗം ഉപയോഗിച്ചിരിക്കാമെന്നു സംശയമുണ്ട്.
നാമിനെതിരേ രാസവസ്തു പ്രയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ട്. വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുവനിതകളും ഒരു ഉത്തരകൊറിയക്കാരനും പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. ഇനി ഏഴ് ഉത്തരകൊറിയക്കാരെക്കൂടി കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇവർ പ്യോംഗ്യാംഗിലേക്കു രക്ഷപ്പെട്ടെന്നാണു സൂചന.
ഉത്തരകൊറിയൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഹ്യോൺ സോംഗിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നു മലേഷ്യ ആവശ്യപ്പെട്ടു. നയതന്ത്ര പദവിയുള്ളതിനാൽ ഇദ്ദേഹം സ്വമേധയാ കീഴടങ്ങാതെ ചോദ്യം ചെയ്യാനാവില്ല.
ജോംഗ് നാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മലേഷ്യയുടെ നടപടി അധാർമികവും നിയമവിരുദ്ധവുമാണെന്ന് കഴിഞ്ഞദിവസം ഉത്തരകൊറിയ പറഞ്ഞു. തങ്ങളുടെ ശത്രുവായ ദക്ഷിണകൊറിയയുടെ സമ്മർദത്തിനു വഴങ്ങിയാണ് മലേഷ്യ ഇതിനു മുതിർന്നതെന്നും പ്യോംഗ്യാംഗ് ഭരണകൂടം ആരോപിച്ചു. ജോംഗ് നാമിന്റെ മൃതദേഹം വച്ച് മലേഷ്യ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതിനിടെ ഉത്തരകൊറിയൻ സ്ഥാനപതിയെ പുറത്താക്കി എംബസി അടപ്പിക്കാനും മലേഷ്യ മുതിർന്നേക്കുമെന്നു ചില റിപ്പോർട്ടുകളിൽ പറഞ്ഞു.
ലണ്ടൻ: അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ വിഷവാതകമാണ് വിഎക്സ്. സരിൻ വിഷവാതകത്തിന്റെ നൂറിരട്ടി മാരകം. പത്തുമില്ലിഗ്രാം വിഎക്സ് ത്വക്കിലൂടെ ശരീരത്തിൽ കടക്കാനിടയായാൽ ഞരന്പുകളുടെ പ്രവർത്തനം തകരാറിലാവും. എസ്-2 ഡൈസോപ്രൊഫിലാമിനോഇതയിൽ മെതിൽഫോസ്ഫോണോതയോലേറ്റ് എന്ന രാസനാമമുള്ള വിഎക്സ് 1950കളിൽ ബ്രിട്ടനിലെ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിലെ കെമിസ്റ്റ് രൺജിത് ഘോഷാണു കണ്ടുപിടിച്ചത്.
അമിട്രോൺ എന്ന ബ്രാൻഡിൽ കീടനാശിനിയായി മാർക്കറ്റ് ചെയ്തെങ്കിലും മാരകമായതിനാൽ പിന്നീടു പിൻവലിച്ചു. അമേരിക്കയ്ക്കും റഷ്യക്കും ഇതിന്റെ നല്ല ശേഖരമുണ്ട്. കുറേ സ്റ്റോക്ക് പിന്നീടു നശിപ്പിച്ചു.
ഉത്തരകൊറിയയുടെ പക്കൽ വിഎക്സിന്റെ വൻശേഖരമുണ്ടെന്നു ദക്ഷിണകൊറിയ ആരോപിച്ചു. മറ്റു വിഷവാതകങ്ങളേക്കാൾ കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നതിനാൽ വിഎക്സ് യുദ്ധവേളയിൽ ഉപയോഗിക്കാറില്ല. യുദ്ധം കഴിഞ്ഞ് ദിവസങ്ങൾക്കുശേഷവും വിഎക്സിന്റെ സാന്നിധ്യം മൂലം ജനങ്ങൾ മരിക്കുമെന്നതിനാലാണിത്.