തൃശൂർ: വ്യാജ ബില്ലുകളും രേഖകളുമുണ്ടാക്കി കാസിനോ ഹോട്ടലിൽനിന്നും പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാംപ്രതിയായ ഹോട്ടലിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. പാലക്കാട് ആലത്തൂർ സ്വദേശി സൈദ്നെസ്റ്റ് വീട്ടിൽ ഷാജിത്തി(30)നെയാണ് ശക്തൻ നഗറിലെ സ്വകാര്യ ആഡംബര ഹോട്ടലിൽനിന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. 2017 ജൂലൈ മുതൽ 2018 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 10,12,245 രൂപ ബില്ലുകളിൽ കൃത്രിമം കാണിച്ചും ഓണ്‍ലൈൻ ബില്ലുകൾ വ്യാജമായി ഉണ്ടാക്കിയും തട്ടിയെടുത്തുവെന്നാണ് കേസ്.
കുറ്റം സമ്മതിച്ച പ്രതി 5,51,000 രൂപയുടെ ചെക്ക് നൽകിയിരുന്നെങ്കിലും ചെക്കുകളെല്ലാം മടങ്ങിയിരുന്നു. ഇതിനെതുടർന്ന് കാസിനോ ഹോട്ടലിന്റെ ജനറൽ മാനേജർ സിജോ ജോയ് വർഗീസ് അസിസ്റ്റന്റ് കമ്മീഷണർക്കു നൽകിയ പരാതിയിലാണ് കേസെടുത്തത്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.