ശ്രീകണ്ഠപുരം: ചുഴലിയിൽ ബോംബ് വെച്ചതായുള്ള നാട്ടുകാരുടെ പരാതി പോലീസിനെ വട്ടം കറക്കി. ഇന്നുരാവിലെ 11 ഓടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ബോംബിന് പകരം സ്റ്റീൽ പാത്രത്തിനുളളിൽ നിന്ന് ലഭിച്ചത് അസൽ ‘സാമ്പാർ’. ഇന്നലെ രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം.
ശ്രീകണ്ഠപുരം-ചുഴലി റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടതായി നാട്ടുകാർ ശ്രീകണ്ഠപുരം പോലീസിൽ അറിയിക്കുകയായിരുന്നു. സ്റ്റീൽ ബോംബാണെന്ന് സംശയിക്കുന്ന വിധത്തിൽ തിരിയോട് കൂടിയായിരുന്നു വസ്തു ഉണ്ടായിരുന്നത്.
തുടർന്ന് രാത്രി 11.30 ഓടെ സ്ഥലത്തെത്തിയ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വസ്തു കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഐജിയുടെ കീഴിലുള്ള ക്യുആർടി ടീമും നിർവീര്യമാക്കുന്നതിനിടെയാണ് പാത്രത്തിനുള്ളിൽ നിന്ന് സാമ്പാർ ലഭിച്ചത്. ഏതായാലും വ്യാജ ബോംബ് വച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.